കോട്ടയം: മഴയുടെ സംഹാര താണ്ഡവത്തില്‍ പുഴകളെല്ലാം നിറഞ്ഞുകവിഞ്ഞൊഴുകുകകയാണ്. താഴ്ന്നസ്ഥലങ്ങളിലെ വെള്ളപ്പൊക്കമെല്ലാം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
അതേസമയം, കരകവിഞ്ഞൊഴുകുന്ന പുഴകളിലൂടെ ഒഴുകിയെത്തിയത് ടണ്‍ കണക്കിന് മാലിന്യങ്ങള്‍. കോട്ടയത്തിന്റെ ജീവനാഡിയായ മീനച്ചിലാറിലൂടെ ഈ മഴക്കാലത്ത് ഒഴുകിയെത്തിയത് ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഏകദേശം 500 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഈ മഴക്കാലത്ത് മീനച്ചിലാറിലൂടെ ഒഴുകിയെത്തിയത്.
ആറുകളിലൂടെയും തോടുകളിലൂടെ ആളുകള്‍ ഒഴുക്കിവിട്ട മാലിന്യങ്ങളുടെ ദുരിതമനുഭവിച്ചത് കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരാണ്. വെള്ളം കയറിക്കിടക്കുന്ന പ്രദേശങ്ങളിലൂടെ ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങോട്ടു നീക്കണമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ആറിന്റെ അടിത്തട്ടില്‍ ഏകദേശം 10 മീറ്റര്‍ ഘനത്തില്‍ ഇവ കെട്ടിക്കിടക്കുകയാണ്.
ഇപ്പോള്‍ തന്നെ പെരുവെള്ളം പുറത്തേക്കൊഴുക്കുന്നതില് കോട്ടയത്തെ മീനച്ചിലാര്‍ നിസ്സഹായയാണ്. അതിന് പിന്നാലെയാണ് ഈ മാലിന്യങ്ങളും കൂടി പുഴ പേറിയിരിക്കുന്നത്. മീനച്ചിലാറും കൈവഴികളും മണിമലയുടെ പകുതിയും മൂവാറ്റുപുഴയാറിന്റെ കാല്ഭാഗവുമാണ് കോട്ടയം ജില്ലയില്‍ എത്തുന്ന കിഴക്കന്വെള്ളത്തെ പുറത്തെത്തിക്കുന്നത്. പെയ്ത്തുവെള്ളത്തില്‍ ഒരു ഭാഗം ഭൂമിയിലേക്കും മറ്റൊരു ഭാഗം നദികളിലൂടെ കായലിലേക്കും പോകുന്നതായിരുന്നു പ്രകൃതിയുടെ ജലശാസ്ത്രം.
ഈ താളം തെറ്റിയതോടെ കോട്ടയത്തിന്റെ ജലശാസ്ത്രവും മാറി. മീനച്ചിലാറിന്റെ വെള്ളം ഉയരുന്ന നിരക്ക് അടുത്ത കാലത്തായി പതിന്മടങ്ങ് ഉയര്‍ന്നു. അതേസമയം ജലം താഴുന്നതിനുള്ള സമയം കൂടി. മീനച്ചിലാറിന്റെ വീതി കുറഞ്ഞു. കൈവഴികളില്‍ പലതും ഇല്ലാതായി. ചിലത് അടഞ്ഞു. മീനച്ചിലാറിന്റെ ജലസമ്പത്തും മാറി. വെള്ളംകുറഞ്ഞ് വര്‍ഷത്തില്‍ 40 ദിവസം ഒഴുക്കു നിലയ്ക്കുന്നതായിരുന്നു മുന്‍പ് മീനച്ചിലാറിന്റെ സ്വഭാവം. ഇപ്പോള്‍ 90 മുതല്‍ 100 ദിവസം വരെ ഒഴുക്കില്ലാദിനങ്ങള്.
ഭൂഗര്‍ഭജല സമ്പത്ത് ഇല്ലാത്തതാണു കാരണം. വെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നില്ലെന്നു ചുരുക്കം. പാടങ്ങള്‍ കുറഞ്ഞു. അശാസ്ത്രീയമായ കെട്ടിട നിര്‍മാണങ്ങള്‍ വെള്ളത്തിന്റെ ഒഴുക്കുവഴികള്‍ അടച്ചു. ഇതിനെല്ലാം പുറമേ മാലിന്യങ്ങളും വലിച്ചെറിച്ച് മീനച്ചിലാറിനെ ഇല്ലാതാക്കാനൊരുങ്ങുകയാണ് ജനങ്ങള്‍.
ആരോടാണ് പരാതി പറയേണ്ടത്. എന്തിനും ഏതിനും സര്‍ക്കാരിനെ കുറ്റം പറയാമെങ്കിലും ഈ കുറ്റം ആരുടെ തലയില്‍ കെട്ടിവയ്ക്കും. അധികാരികള്‍ ഇടപെട്ടാല്‍ നിലവിലെ മാലിന്യങ്ങള്‍ നീക്കാമായിരിക്കും പക്ഷേ മാലിന്യങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയുന്ന ശീലം നമ്മള് തുടരുന്നിടത്തോളം കാലം പുഴ ഇല്ലാതായിക്കൊണ്ടിരിക്കും. പുഴയുടെ നിലനില്‍പ്പിനായി മാറേണ്ടത് അധികാരികളല്ല. നാമോരുരുത്തരുമാണ്.
പിസി ജോര്‍ജിന്റെ മകനും അഡ്വക്കേറ്റുമായ ഷോണ്‍ ജോര്‍ജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച മീനച്ചിലാറിന്റെ ദുരവസ്ഥയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.