പികെ ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സിപിഎം കമ്മീഷന് പെണ്‍കുട്ടിയുടെ മൊഴി എടുത്തു. പരാതിക്കാരിയുടെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ പാലക്കാട് ജില്ലാ സെക്രട്ടറിക്ക് പികെ ശ്രീമതി ടീച്ചര്‍ നിര്‍ദ്ദേശം നല്കി.
ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ 7 മണി വരെയാണ് സിപിഎം കമ്മീഷന് അംഗങ്ങളായ എകെ ബാലന്, പികെ ശ്രീമതി എന്നിവര്‍ പരാതിക്കാരിയുടെ മൊഴി എടുത്തത്. സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസില്‍ വെച്ചാണ് മൊഴിയെടുത്തത്. പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നതായി യുവതി മൊഴി നല്കി.
താനാണ് പരാതിക്കാരിയെന്ന് സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ പ്രചരിപ്പിക്കുന്നതായി പരാതിക്കാരി കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തി. തന്റെ അച്ഛനോട് ആളുകള്‍ പരാതിയുടെ വിവരങ്ങള്‍ ചോദിക്കുന്നത് മാനസികമായി പ്രയാസം സൃഷ്ടിക്കുന്നതായും പരാതിക്കാരി പറഞ്ഞു.
ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ശ്രീമതി ടീച്ചര്‍ പാലക്കാട് ജില്ലാ സെക്രട്ടറിക്കും, മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി. പി. കെ ശശി എം.എല്‍.എ രാജിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പാലക്കാട് ജില്ലാ കമ്മറ്റി ചെറുപ്പളശ്ശേരിയിലെ എം.എല്‍.എ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.