തൃശൂര്‍; കനത്ത മഴ കാരണം അവധി ആവശ്യപ്പെട്ട് നിരവധി പേരാണ് കളക്ടറുടെ ഓഫീസിലേക്ക് വിളിക്കുന്നത്. എന്നാല്‍ ഇവരോട് തൃശൂര്‍ കളക്ടര്‍ ടി വി അനുപമക്ക് പറയാനുള്ളത് . ‘ദയവുചെയ്ത് നിങ്ങള്‍ ഇങ്ങോട്ട് വിളിച്ച് ലൈന്‍ ബിസിയാക്കി, യഥാര്‍ത്ഥ പരാതിയുമായി വിളിക്കുന്നവരെ കഷ്ടത്തിലാക്കരുത്. നിങ്ങള്‍ ഓരോരുത്തരുടെയും ജീവന്‍ വിലപ്പെട്ടതാകയാല്‍ അവധി ആവശ്യമുള്ളപ്പോള്‍ തീര്‍ച്ചയായും അത് അനുവദിക്കും’.
മഴ കനത്തതോടെ നാളെ സ്‌കൂളിന് അവധിയുണ്ടോ എന്ന് ചോദിച്ച് കളക്ടറേറ്റിലേയ്ക്കുള്ള ഫോണ്‍ വിളികള്‍ ക്രമാതീതമായി വര്‍ധിച്ചപ്പോഴാണ് സഹികെട്ട് കളക്ടര്‍ നേരിട്ട് ഫേസ്ബുക്ക് പോസ്റ്റിറക്കിയത്. അതിനെ ട്രോളിയും ആളുകള്‍ രംഗത്തെത്തിയെങ്കില്‍ ഗൗരവമായി കാണേണ്ട കാര്യമാണ് കളക്ടര്‍ പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.
ദിവസേന നൂറുകണക്കിന് ഫോണ്‍കോളുകളാണ് കളക്ടറുടെ ഓഫീസിലേക്ക് വന്നിരുന്നത്. വിദ്യാര്‍ത്ഥികളില്‍ പലരും വിളിച്ചത് റെക്കോഡ് ചെയ്ത് വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
കളക്ടര്‍ ടി വി അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്രിയ സഹോദരീ സഹോദരന്മാര,
മഴ കാരണം അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ധാരാളം ഫോണ്‍കോളുകളാണ് അടുത്ത ദിവസങ്ങളിലായി ലഭിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ അവധി പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അതുമായി ചേരുമ്പോള്‍ തീര്‍ച്ചയായും അവധി പ്രഖ്യാപിക്കും. ഞങ്ങളെ വിശ്വസിക്കൂ. ആരേയും അപകടത്തിലേക്ക് തള്ളിവിടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
പക്ഷേ എല്ലാവരും ചേര്‍ന്ന് ഞങ്ങളെ വിളിക്കുമ്പോള്‍, ഫോണ്‍ലൈനുകളെല്ലാം തിരക്കിലാകുന്നു. അതുകാരണം ജലാശയങ്ങളിലും മറ്റും ആളുകളെ കാണാതാകുന്നപോലുള്ള സാഹചര്യങ്ങളില്‍ അത്യാവശ്യക്കാര്‍ക്ക് ബന്ധപ്പെടാനാകാതെ പോകുന്നു. ചിലപ്പോള്‍ കേവലം മുപ്പത് സെക്കന്‍ഡ് പോലും ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള പാലമായി മാറും. നിങ്ങള്‍ക്കൊരു ആവശ്യം വരുമ്പോള്‍ ഞങ്ങളെ വിളിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്.
ഇനിമുതല്‍ അവധിക്കായി വിളിക്കുമ്പോള്‍ ജീവന്‍രക്ഷയ്ക്കായി വിളിക്കുന്നവര്‍ക്ക് തടസ്സമായി വരാതിരിക്കത്തക്കവിധം ഉത്തരവാദിത്വമുള്ളവരായി പെരുമാറുക. സുരക്ഷിതമായൊരു മഴക്കാലമാവട്ടെ ഇത്
എന്ന്,
ജില്ലാ കളക്ടര്‍ ടിവി അനുപമ