കൊല്ലം: ലക്ഷദ്വീപിലേക്ക് കൊല്ലത്തു നിന്നും തിരിച്ചും ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിന്റെ സാധ്യതകള്‍ തേടി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ആദ്യപടിയായി ഷിപ്പിംഗ് ഏജന്റുമാര്‍, കപ്പലുടമകള്‍, ഷിപ്പിംഗ് വിദഗ്ധര്‍, തുറമുഖ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, ലക്ഷ ദ്വീപ് ഭരണകുടത്തിന്റെപ്രതിനിധികള് എന്നിവരുമായി മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പ്രാഥമിക ചര്‍ച്ച നടത്തി.
യാത്രാ, ചരക്ക് കപ്പല്‍ സര്‍വീസിന്റെ പ്രധാന കേന്ദ്രമായി കൊല്ലം തുറമുഖത്തെ മാറ്റാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. നിലവില്‍ ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്കും ബേപ്പൂരിലേക്കുമാണ് കപ്പല്‍ സര്‍വീസുകളുള്ളത്. മിനിക്കോയ് ദ്വീപുകളോട് ഏറ്റവും അടുത്ത് കിടക്കുന്ന നഗരമാണ് കൊല്ലം. ഈ സാധ്യത ഉപയോഗപ്പെടുത്താന്‍ സാധിക്കും . ഏഴര മീറ്റര്‍ ഡ്രാഫ്റ്റും 180 മീറ്റര്‍ നീളവുമുള്ള കപ്പലുകള്‍ക്കും കൊല്ലം തീരത്ത് അടുക്കാം. ഇന്ധനം നിറയ്ക്കുന്നതിനും വെയര്‍ ഹൗസിംഗിനും സൗകര്യവും സുരക്ഷയും ലഭ്യമാകണം. ഒപ്പം സ്വതന്ത്രമായ ബര്‍ത്തും വേണം. അങ്ങനെയെങ്കില്‍ ആദ്യഘട്ടത്തില്‍ ചരക്കുകപ്പല്‍ സര്‍വീസ് തുടങ്ങാനാവും. ഇത് ടൂറിസം, കശുവണ്ടി മേഖലകള്‍ക്കും ഏറെ ഗുണം ചെയ്യും. കോസ്റ്റല്‍ ഷിപ്പിംഗിന്റെ ഹബ്ബായി കൊല്ലത്തെ മാറ്റാന്‍ കഴിയുമെന്നാണ് കപ്പലുടമകള്‍, ഷിപ്പിംഗ് ഏജന്റുമാര്‍ എന്നിവരുടെയും പ്രതീക്ഷ.