അമ്പലപ്പുഴ: ദിവസവാടക രണ്ട് ദിവസം മുടങ്ങിയെന്നാരോപിച്ച് നാലു പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ കുടുംബത്തെ അര്‍ധരാത്രിയില്‍ ഇറക്കിവിട്ട് വീട്ടുടമ. കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം. നീര്‍ക്കുന്നം മെഡിക്കല്‍ കോളേജിനു സമീപമാണ് സംഭവം. ആന്ധ്രാപ്രദേശ് ചിറ്റൂര്‍ ഉദനാപ്പള്ളി സ്വദേശികളായ ഖദീജ (52), മക്കളായ മുബീന (23), ഷാഹിന (22), മുബീനയുടെ ഭര്‍ത്താവ് ബാബു (25), ഇവരുടെ മക്കളായ രണ്ടരമാസം പ്രായമുള്ള പെണ്‍കുഞ്ഞ്, റിസ്വാന് (മൂന്നര), ഐഷ (ഒന്നര), ഷാഹിനയുടെ 13 ദിവസം പ്രായമുള്ള കുഞ്ഞ് എന്നിവരെയാണ് വീട്ടുടമ രാത്രിയില്‍ ഇറക്കിവിട്ടത്.
കഴിയഞ്ഞ 20വര്‍ഷമായി കുടുംബം അമ്പലപ്പുഴയിലായിരുന്നു താമസം. ഏഴുമാസമായി കുമാരിയുടെ വീട്ടില്ലായിരുന്നു കുടുംബം താമസിച്ചിരുന്നത്. 250 രൂപയായിരുന്നു ദിവസ വാടക. കെട്ടിടനിര്‍മാണമേഖലയില്‍ മിക്സര്‍ മെഷീന് ഓപ്പറേറ്ററായ ബാബുവിന്റെ വരുമാനമായിരുന്നു ഇവരുടെ ഏകആശ്രയം. മഴയേത്തുടര്‍ന്നു ദിവസങ്ങളായി ജോലിയില്ലായിരുന്നു. ഇതോടെ വാടകയില്‍ മുടക്കം വരികയായിരുന്നു.
ബുധനാഴ്ച രാത്രി പതിനൊന്നോടെ ഇവരെ ഇറക്കിവിട്ട് ഉടമ മുറിപൂട്ടി. കുട്ടികളുടെ വസ്ത്രങ്ങള്‍പോലും എടുക്കാന്‍ സമ്മതിച്ചില്ല. അന്നു രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലാണു സ്ത്രീകളും കുട്ടികളും കഴിഞ്ഞത്. വ്യാഴാഴ്ച രാവിലെ ഇവര്‍ അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തി. വിവരമറിഞ്ഞ ഒരു യാത്രക്കാരി ബ്ലോക് പഞ്ചായത്തംഗം യു.എന്‍. കബീര്‍ മുഖേന ചൈല്ഡ്ലൈന് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പിങ്ക് പോലീസും ചേര്‍ന്ന് ഇവരെ ആലപ്പുഴ ”സ്നേഹിത”യിലേക്കു മാറ്റി.