ചാലക്കുടി: ഉയര്‍ന്ന മാര്‍ക്കോടെ മികച്ച ആതുരാലയങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചാലക്കുടി താലൂക്ക് ആശുപത്രി. പ്രളയത്തില്‍ തകര്‍ന്ന ചാലക്കുടിയ്ക്ക് ആശ്വാസം പകരുന്ന ഒന്നാണ് ഇപ്പോള്‍ ലഭിച്ച ദേശീയ അംഗീകാരം. 98.07 ശതമാനം മാര്‍ക്കോടെയാണ് ആശുപത്രി രാജ്യത്തെ മികച്ചതായി ഇടം പിടിച്ചത്. കേക്ക് മുറിച്ചും മിഠായി വിതരണം ചെയ്തും ആശുപത്രി അധികൃതര്‍ നേട്ടം ആഘോഷിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കിയ അംഗീകാരം മൂന്ന് വര്‍ഷത്തേക്കാണ് പ്രാബല്യത്തിലുണ്ടാവുക. ഇക്കാലയളവില്‍ ഗുണമേന്മ നിലനിര്‍ത്താന്‍ ഒരു ബെഡിന് 10000 രൂപ വീതം ആശുപത്രിക്ക് ലഭിക്കും. 187 ബെഡ്ഡുള്ള ആശുപത്രിക്ക് കിട്ടുക 18 ലക്ഷത്തിലധികം രൂപ. കൂടുതല്‍ തുക കേന്ദ്ര സര്‍ക്കാരില്‍ നിന്നും നേടിയെടുക്കാനും പുതിയ അംഗീകാരം സഹായിക്കും. ആശുപത്രികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടന്നത്.
ജൂലൈ മുപ്പത് മുതല്‍ ഓഗസ്റ്റ് ഒന്ന് വരെയുള്ള തീയതികളിലാണ് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ആശുപത്രി സന്ദര്‍ശിച്ചത്. മാലിന്യ നിര്‍മ്മാജ്ജനം, അണുനശീകരണം, ജീവനക്കാരുടെ മികവ് തുടങ്ങി വിവിധ കാര്യങ്ങള്‍ പരിശോധിച്ചാണ് മികച്ച ആശുപത്രിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസമാണ് അംഗീകാരം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ കത്ത് സൂപ്രണ്ടിന് ലഭിച്ചത്.
ചാലക്കുടിയില്‍ തന്നെ മികച്ചതായി സ്വകാര്യ ആശുപത്രികള്‍ അനവധിയുണ്ട്. അവയെല്ലാം പിന്തള്ളിയാണ് താലൂക്ക് ആശുപത്രിയുടെ കുതിപ്പ്. അപ്രതീക്ഷിതമായി വന്ന് തൂത്തെറിഞ്ഞ പ്രളയത്തില്‍ ആശുപത്രി നാമവശേഷമായെങ്കിലും അതില്‍ നിന്നും കരകയറാനുള്ള തത്രപാടിലാണ് ജീവനക്കാരും അധികൃതരും. തുണയായി ചാലക്കുടി നിവാസികളുമുണ്ട്.