തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് നെതര്‍ലന്‍ഡ്സ് സഹായം വേണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയാണ് വിദേശകാര്യമന്ത്രാലയത്തിന് ഇതു സംബന്ധിച്ച കത്തെഴുതിയത്. നെതര്‍ലന്‍ഡ്സ് സംഘത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും കേരളം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കത്തില്‍ വിദേശകാര്യമന്ത്രാലയം ആഭ്യന്തര, ജലവിഭവ മന്ത്രാലയങ്ങളുടെ നിലപാട് തേടിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മന്ത്രാലയങ്ങളുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും നെതര്‍ലന്‍ഡ്സ് സഹായം സ്വീകരിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ധനസഹായമല്ല, സാങ്കേതിക സഹായം നല്‍കാമെന്നാണ് നെതര്‍ലന്‍ഡ്സ് വാഗ്ദാനം ചെയ്തത്. നെതര്‍ലന്‍ഡ്സ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രിയാണ് ഇക്കാര്യം അറിയിച്ച് ഇന്ത്യയ്ക്ക് കത്തെഴുതിയത്.
പ്രളയം ബാധിച്ച പ്രദേശങ്ങളിലെ അവസ്ഥ പരിശോധിക്കാന്‍ വിദഗ്ധ ടീമിനെ കേരളത്തിലേക്ക് അയയ്ക്കാമെന്നും നെതര്‍ലന്‍ഡ്സില്‍ വിജയിച്ച പദ്ധതികള്‍ കേരളത്തില്‍ മാതൃകയാക്കാമെന്നും കത്തില്‍ പറഞ്ഞിരുന്നു.
നേരത്തെ, കേരളത്തിന് ധനസഹായം വാഗ്ദാനം ചെയ്ത് വിദേശരാജ്യങ്ങള്‍ എത്തിയെങ്കിലും അവയൊന്നും സ്വീകരിക്കേണ്ടെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടത്. കേരളത്തിലെ സാഹചര്യം നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലൂടെ കഴിയുന്നുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
2004 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ദുരന്തങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍നിന്നും സാമ്പത്തിക സഹായം സ്വീകരിക്കേണ്ടെന്ന് നയം തീരുമാനിച്ചത്. 15 വര്‍ഷമായുളള ഈ നയത്തില്‍ കേരളത്തിനു മാത്രമായി മാറ്റം വരുത്തേണ്ടതില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് കേന്ദ്രം അംഗീകരിക്കുകയായിരുന്നു.