കണ്ണൂര്‍:’ദൈവം ചിലതൊക്കെ തരാതിരിക്കുന്നത് മറ്റെന്തൊക്കെയോ നമുക്ക് കൂടുതല്‍ തന്നതുകൊണ്ടാണ് ‘ ദൃഢനിശ്ചയത്തോടെയുളള രവീന്ദ്രന്റെ ഈ വാക്കുകള്‍ക്ക് മുന്പില് തോറ്റത് പോളിയോ എന്ന വില്ലനാണ്. രണ്ടാം വയസില്‍ പിടികൂടിയ പോളിയോ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടക്കേണ്ട ബാല്യത്തെ കവര്‍ന്നപ്പോള്‍ നിരാശയോടെ ഇരിക്കാനെ അന്ന് അവന് സാധിച്ചുളളു.
ചെന്നൈയിലെ എംസിടിഎം ഹൈസ്കൂളിലായിരുന്നു രവീന്ദ്രന്റെ പ്രാഥമിക വിദ്യാഭ്യാസം. തന്റെ പ്രിയപ്പെട്ട സതീര്‍ത്ഥ്യര്‍ ഗ്രൗണ്ടില്‍ ഓടിക്കളിക്കുമ്പോള്‍ ക്ലാസിലെ നാലുചുമരുകള്‍ക്കിടയില്‍ അവന് തന്റെ ഒഴിവുസമയം ചിലവഴിച്ചു. അതിനിടയിലെപ്പോഴോ പോളിയോ ബാധിച്ച വിരലുകളാല്‍ പെന്‍സില്‍ പിടിച്ച് കളിക്കൂട്ടുകാരെയും പ്രകൃതിയെയും വരയ്ക്കാന്‍ തുടങ്ങി. ഇതു ശ്രദ്ധിച്ചു തുടങ്ങിയ അധ്യാപകരും കൂടുംബാംഗങ്ങളുമൊക്കെ അവന്റെ സ്വപ്നങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്കി. ജലച്ചായത്തിലും പെന്‍സില്‍ ഡ്രോയിങ്ങിലും നിരവധി സമ്മാനങ്ങള്‍ നേടിയ രവീന്ദ്രന്റെ മുന്നില്‍ പ്രതീക്ഷയുടെ പുത്തന്‍ വാതിലുകള്‍ തുറന്നു.
എന്നാല്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ വീഴ്ച അവന്റെ ജീവിതത്തില്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തി. കൈകള്‍ തളര്‍ന്നുപോയി. സ്കൂളില്‍ പോകാനുളള പ്രയാസം കാരണം ഏഴാം ക്ലാസില്‍ വെച്ച് വിദ്യാഭ്യാസ ജീവിതത്തിന് വിരാമമിട്ട് അച്ഛനും അമ്മയും അഞ്ച് സഹോദരിമാരുമടങ്ങുന്ന കുടുംബത്തോടൊപ്പം പയ്യന്നൂരേക്ക് മടങ്ങി. ആയൂര്‍വേദ ചികിത്സയെ ആശ്രയിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുന്നതിനിടയില് പ്രശസ്ത മൗത്ത് പെയിന്റര്‍ കുഞ്ഞിമംഗലത്ത് ഗണേഷ് കുമാറിനെ പരിചയപ്പെട്ടത് ജീവിതത്തില്‍ വഴിത്തിരിവായി. സ്വന്തമായി അധ്വാനിക്കണം എന്ന തീവ്രമായ ആഗ്രഹം കാരണം വളരെ വേഗത്തില്‍ തന്നെ മൗത്ത് പെയിന്റിങ് കരസ്ഥമാക്കാന്‍ രവീന്ദ്രന് സാധിച്ചു. അതിനിടയിലാണ് മൗത്ത് ആന്‍ഡ് ഫുട്പെയിന്റ് ആര്‍ട്ടിസ്റ്റ് അസോസിയേഷനെ കുറിച്ച് കേള്‍ക്കുന്നത്. പോളിയോ ബാധിച്ച് ഇരുകൈകളും തളര്‍ന്ന എറിക് സ്റ്റേഗ്മാന്‍ എന്ന ജര്‍മന്‍ പെയിന്റര്‍ 1956ല്‍ തുടക്കം കുറിച്ചതാണിത്. ഈ സംഘടന വഴി ഭിന്നശേഷിയുളള കലാകാരന്മാര്ക്ക് പെയിന്റിങ്ങുകളും ആശംസാകാര്‍ഡുകളും ചിത്രപുസ്തകങ്ങളും കലണ്ടറുകളുമൊക്കെ നിര്‍മിച്ച് വില്‍ക്കുന്നതിലൂടെ പണം കണ്ടെത്താന്‍ സാധിക്കും.
കേരളത്തില്‍ നിന്ന് ആറുപേര്‍ക്കാണ് നിലവില്‍ ഈ സംഘടനയില്‍ അംഗത്വമുളളത്. 2003ല്‍ സ്റ്റുഡന്റ് അംഗത്വമെടുത്ത രവീന്ദ്രന് എല്ലാ വര്‍ഷവും തന്റെ കഴിവിന്റെ പരമാവധി ചിത്രം സംഘടനയ്ക്ക് അയച്ചുകൊടുക്കുന്നുണ്ട്. 2009ല്‍ എംഎഫ്പിഎ ജപ്പാനില്‍ സംഘടിപ്പിച്ച പെയിന്റിങ് മത്സരത്തില്‍ മെഡല്‍ കരസ്ഥമാക്കിയ രവീന്ദ്രന് 2011 -ല്‍ അസോസിയേറ്റ് അംഗത്വം ലഭിച്ചു. ഖത്തര്‍, ഓസ്ട്രിയ, ബാര്‍സിലോണ തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രപ്രദര്‍ശനങ്ങളിലും രവീന്ദ്രന് പങ്കെടുത്തിട്ടുണ്ട്.ചിത്രകലയ്ക്കൊപ്പം സംഗീതാസ്വാദനവും അവിവാഹിതനായ രവീന്ദ്രന് ഏറെ പ്രിയങ്കരമാണ്.