എടപ്പാള്‍: കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെന്ന വ്യാജേന വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതം. രണ്ടാഴ്ച പിന്നിട്ടിട്ടും കുഞ്ഞിനെയും യുവതിയെയും കണ്ടെത്താനായിട്ടില്ല. വട്ടംകുളം പഞ്ചായത്തിലെ കരിമ്പനക്കുന്ന് താഴത്തുള്ള കോണ്ടിപ്പറമ്പില്‍ പ്രസാദിന്റെ ഭാര്യ ജിന്‍സി(20), മകന് ആദിദേവ് എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതെയാണ് ബന്ധുക്കള്‍ വലയുന്നത്.
ഇക്കഴിഞ്ഞ ആറാംതീയതി മൂന്നുമണിയോടെ കുഞ്ഞിനെ ഡോക്ടറെ കാണിക്കാനാണെന്ന് പറഞ്ഞുപോയ ജിന്‍സി തിരിച്ചുവരാതായപ്പോള്‍ ആരംഭിച്ചതാണ് ഭര്‍ത്താവിന്റെയും ജിന്‍സിയുടെ വീട്ടുകാരുടെയും തിരച്ചില്‍. 25 പവനോളം ആഭരണങ്ങളും വസ്ത്രവും പാസ്പോര്‍ട്ടും ആധാര്‍ കാര്ഡുമെല്ലാമെടുത്താണ് ഇവര്‍ പോയതെന്ന് പിന്നീട് അന്വേഷണത്തില്‍ നിന്നും മനസിലായി.
ചങ്ങരംകുളം പോലീസ് കേസെടുത്ത് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇവരുടെ മൊബൈല്‍ഫോണില്‍ ചാറ്റിങ് നടത്തിയിരുന്ന കാസര്‍കോട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പിന്നീട് ഇവരുടെ രണ്ടുപേരുടെയും മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. വിവരമറിഞ്ഞ് വിദേശത്തുള്ള ഭര്‍ത്താവ് പ്രസാദും നാട്ടിലെത്തിയിരുന്നു.