പാലക്കാട്: കനത്ത വരള്‍ച്ചയെ തുടര്‍ന്ന് ജലക്ഷാമം പരിഹരിക്കാന്‍ ഡാമുകള്‍ തുറന്നു വെള്ളമൊഴുക്കും. പാലക്കാട് ജില്ലയിലെ അണക്കെട്ടുകളാണ് തുറക്കുന്നത്. നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നപ്പോള്‍, വേനലെത്തും മുന്‍പേ കൃഷിയിടങ്ങളിലേക്ക് അണക്കെട്ടുകളില്‍ നിന്ന് വെളളം നല്‍കേണ്ട അവസ്ഥയാണ് പാലക്കാട്ട്.
കുടിവെളളക്ഷാമം തുടങ്ങിയില്ലെങ്കിലും കാര്‍ഷിക മേഖല പൂര്‍ണമായി പ്രതിസന്ധിയിലായി. 1500 ഹെക്ടര്പ്രദേശത്തെ നെല്‍കൃഷിയാണ് നനവ് പ്രതീക്ഷിച്ചിരിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ അണക്കെട്ടുകള്‍ വെളളമെത്തിക്കാനാണ് അധികൃതരുടെ നീക്കം. കിഴക്കന്‍ മേഖലയായ ചിറ്റൂരിലേക്ക് ആളിയാറില്‍ നിന്ന് വെളളമെത്തിത്തുടങ്ങി.
മലമ്പുഴ ഉള്‍പ്പെടെയുളള അണക്കെട്ടുകളില്‍ നിന്ന് വെളളമെത്തുന്നതോടെ മാത്തൂര്‍, കുഴല്‍മന്ദം, കോട്ടായി പ്രദേശങ്ങളിലെ ഉണക്ക് ഭീഷണി ഒരു പരിധി വരെ നിയന്ത്രിക്കാം. കര്‍ഷകരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഇപ്പോള്‍ അണക്കെട്ടുകള്‍ തുറക്കുന്നത്
വെളളമില്ലാതെ വരണ്ടുണങ്ങി 100 ഹെക്ടറിലേറെ നെല്‍കൃഷി ഇപ്പോള്‍ത്തന്നെ നശിച്ചുകഴിഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ ജലസംഭണിയായ മലമ്പുഴ അണക്കെട്ടില്‍ നിന്ന് വെളളം നല്കിയാലും നേരത്തെയുണ്ടായ മഴക്കെടുതിയില്‍ ബണ്ടുകള്‍ തകര്‍ന്നതിനാല്‍ പലയിടത്തും വെളളമെത്തില്ല.