എരമംഗലം: നവ കേരളത്തിന്റെ പുനഃസൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുരുന്ന് കരങ്ങളുടെയും കൈത്താങ്ങ്. വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂള്‍ എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ഫാത്തിമ ഫാദിയയും ഫാത്തിമ മിസ്ബയുമാണ് പുണ്യ പ്രവര്‍ത്തനത്തിലൂടെ സ്കൂള്‍ ധനസമാഹരണത്തില്‍ താരങ്ങളായത്.
2017 -18 -ല്‍ ലഭിച്ച പ്രീമെട്രിക് സ്കോളര്‍ഷിപ്പും ഈ വര്‍ഷം ലഭിക്കുന്ന സ്കോളര്‍ഷിപ്പും ചേര്‍ത്ത് ഒരു സൈക്കിള്‍ വാങ്ങുന്നതിനായി മീന്‍ കച്ചവടക്കാരനായ ആലത്തിയില്‍ ഫഖ്റുദ്ദീന്റെ മകള്‍ ഫാത്തിമ ഫാദിയ കരുതിവെച്ച തുകയും പെരുന്നാളിന് മണിമാലയും വളയും വാങ്ങിക്കാനായി കുടുക്കയില്‍ ശേഖരിച്ചുവെച്ച നാണയങ്ങള്‍ കുടക്കയോടൊപ്പമാണ് മാപ്പിളപ്പാട്ട് ഗായകനായ ആലുങ്ങല്‍ അബൂബക്കറിന്റെ മകള്‍ ഫാത്തിമ മിസ്ബയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
സ്കൂള്‍ പ്രഥമാധ്യാപിക വിജെ ജെസ്സി വിദ്യാര്‍ത്ഥികളില്‍ നിന്നും സ്കോളര്‍ഷിപ്പ് തുകയും നാണയക്കുടുക്കയും ഏറ്റുവാങ്ങി. നാലാം ക്ലാസ് അധ്യാപിക സവിതാമണി, വിവി യമുന, ലളിത, അഖില, ഷഹനാബി, തെന്‍സി എന്നിവര്‍ പങ്കെടുത്തു.