കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ഗൂഢാലോചനയാണെന്നാണ് രൂപയുടെ ആരോപണം. ആരോപണം തെളിയുന്നത് വരെ മാധ്യമവിചാരണയില്‍ മിതത്വം വേണം. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്നും ജലന്ധര്‍ രൂപത പ്രസ്താവനയില്‍ പറയുന്നു.
നാല് പേജുളള പ്രസ്തവനയാണ് പുറത്തിറക്കിയിരിക്കുന്നത്. ആദ്യം പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചത് എന്ന് പ്രസ്താവനയില്‍ പറയുന്നു. തൊട്ടടുത്ത ദിവസം കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ബിഷപ്പ് പങ്കെടുത്തു. കന്യാസ്ത്രീ വളരെ സന്തോഷത്തോടെ ബിഷപ്പിനെ സ്വീകരിച്ചു. പീഡിപ്പിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമോയെന്നും പ്രസ്താവനയില്‍ ചോദിക്കുന്നു.
കന്യാസ്ത്രീക്കെതിരെ ബന്ധു പരാതി നല്കിയ ശേഷമാണ് ബിഷപ്പുമായി അകന്നത് എന്നും രൂപത ചൂണ്ടിക്കാട്ടി. അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. കൊച്ചിയ്ക്ക് പുറമെ സെക്രട്ടേറിയേറ്റിന് മുന്നിലേക്കും ഇന്ന് സമരം വ്യാപിപ്പിക്കും. കേസിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വെകും തോറും പ്രതിഷേധം ശക്തമാകുകയാണ്. കൊച്ചിയ്ക്ക് പുറമെ സെക്രട്ടറിയേറ്റിനു മുന്നിലും സമരം തുടങ്ങുകയാണ് സന്യാസിസമൂഹ സംരക്ഷണ വേദി.
സമരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രതിഷേധസംഗമത്തില്‍ കുറവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീകള്‍ പങ്കെടുക്കില്ല. പകരം സമരത്തെ പിന്തുണയ്ക്കുന്ന തിരുവനന്തപുരത്ത് നിന്നുള്ളവരാകും സംഗമത്തില്‍ പങ്കെടുക്കുക. കൊച്ചിയിലെ സമരപന്തലിലേക്കും ഐക്യദാര്‍ഡ്യമര്‍പ്പിച്ച് ഇന്ന് നിരവധി പേരെത്തും. കണ്ണൂരില്‍ നിന്ന് തുടങ്ങുന്ന ഐക്യദാര്‍ഢ്യയാത്രയില്‍ കല്‍പ്പറ്റ നാരായണന്, ഹമീദ് ചേന്നമംഗലൂര്‍,ഡോ.ആസാദ് തുടങ്ങിയവര്‍ പങ്കെടുക്കും. ഇവര്‍ക്ക് പുറമെ സിനിമാമേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ പ്രവര്‍ത്തകരും കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായും എത്തും.