തിരുവന്തപുരം: നവകേരള നിര്‍മ്മാണത്തിന് ഫണ്ട് കണ്ടെത്താനായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം ഈ മാസം മുതല്‍ പിടിച്ചു തുടങ്ങും. ആരെയും ശമ്പളം നല്കാന് നിര്‍ബന്ധിക്കില്ലെന്നും തയ്യാറുള്ളവര്‍ മാത്രം നല്കിയാല് മതിയെന്നും ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. കുറഞ്ഞത് ഒരു മാസത്തെ ശമ്പളമെങ്കിലും വേണമെന്നും ഇഷ്ടമുള്ള തുക സംഭാവന ചെയ്യാന്‍ അനുമതിയില്ലെന്നും ഉത്തരവില്‍ പറയുന്നു.
പ്രോവിഡന്റ് ഫണ്ടില്‍ നിന്നു സെപ്റ്റംബറിലെ ശമ്പളത്തിന് തുല്യമായ തുകയെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാം. പത്തുമാസം കൊണ്ട് സംഭാവന ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് 2018 ലെ ശമ്പളം മുതല്‍ 10 മാസത്തേക്ക് പിഎഫ് അടക്കുന്നതിനും അവധി അനുവദിക്കും. അതേ സമയം കാലാവധിക്കു മുന്‍പ് വിരമിക്കുന്ന ജീവനക്കാര്‍ക്ക് തിരിച്ചടവില്‍ ബാക്കിയുള്ള തുക അവരുടെ ഡിഡിജി ആറില്‍ ക്രമീകരിക്കും. ഇതിനു വേണ്ടി പിഎഫ് ചട്ടങ്ങലില്‍ ഇളവു വരുത്തിയിട്ടുണ്ട്.
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി 30,000കോടി രൂപ ആവശ്യമായി വരുമെന്നാണ് കണക്ക്. ഇതില്‍ 10,000കോടി രൂപ റവന്യൂ വരുമാനത്തിലൂടെയും 3,800 കോടി രൂപ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഒരു മാസത്തെ ശമ്പളത്തിലൂടെയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ശമ്പളം നല്‍കുന്നവര്‍ക്ക് ആദായനികുതി ഇളവ് ലഭ്യമാക്കും. ഒരു മാസത്തെ ശമ്പളത്തിന് പകരമായി ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ 30 ദിവസത്തെ ആര്‍ജിത അവധി സറണ്ടര്‍ ചെയ്ത് ആ തുക ദുരിതാശ്വാസ നിധിയിലേക്ക് അടക്കുകയും ചെയ്യാം.
പരമാവധി പത്ത് ഗഡുക്കളായി തുക നല്‍കാം.മുമ്പ് ജീവനക്കാരില്‍ നിന്നും ദുരിതാശ്വാസനിധിയിലേക്ക് പിടിച്ചിട്ടുള്ള തുക കുറവു ചെയ്തു കൊടുക്കും. അതിനായി നേരത്തെ തുക നല്കിയപ്പോള് ലഭിച്ച രസീത് സഹിതം ഡി.ഡി.ഒമാര്‍ക്ക് അപേക്ഷ നല്‍കണം. ശമ്പളം സംഭാവന ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ ഈ മാസം 22 നു മുമ്പ് ഡി.ഡി.ഒ മാരെ അറിയിക്കണം. ഉത്തരവിന് അനുബന്ധമായുള്ള നിര്‍ബന്ധ ഫോമിലാണ് ഇക്കാര്യം അറിയിക്കേണ്ടത്.