കാക്കനാട്: സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ നിന്നും കരകയറാനും നവകേരളം സൃഷ്ടിക്കാനും പണം കണ്ടെത്താന്‍ കൈതൊഴിലുമായി തെരുവിലേയ്ക്ക് ഇറങ്ങി മൂന്ന് ബാര്‍ബര്‍മാര്‍. പത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ നെഞ്ചിലേറ്റിയാണ് ഇവര്‍ കത്രികയും മറ്റുമായി തെരുവോരങ്ങളിലേയ്ക്ക് ഇറങ്ങിയത്.
കൂത്താട്ടുകുളം സ്വദേശി ഗിരീഷ് രാജന് ചേട്ടനെയും മകനെയും കൂട്ടി കാക്കനാട്ടേക്കിറങ്ങിയത്. ജോലിചെയ്ത് സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം എങ്ങനെ നല്കാമെന്നാലോചിച്ചപ്പോഴാണ് എന്ത് കൊണ്ട് സ്വന്തം തൊഴില്‍ ചെയ്ത് ധനസഹായം നല്‍കിക്കൂട എന്ന ചിന്ത വന്നത്.
പിന്നെ ഒട്ടും ആലോചിച്ചില്ല മുടിവെട്ടാനും ഷെയവ് ചെയ്യാനുള്ള ഉപകരണങ്ങളുമെടുത്ത് വീട്ടില്‍ നിന്നിറങ്ങി. കാക്കനാട് കമ്മ്യൂണിറ്റി ഹാളിന് സമീപത്തെത്തി നാട്ടുകാരുടെ മുടി വെട്ടി കൊടുത്തു. മുടിവെട്ടുന്നതിന് കണക്ക് പറഞ്ഞ് പണം വാങ്ങില്ല. ഇഷ്ടമുള്ള പണം നിക്ഷേപിക്കാം. പണമില്ലാത്തവര്‍ക്ക് സൗജന്യമായും മുടിവെട്ടി കൊടുക്കുന്നുണ്ട്. തുക ജോലിക്ക് ശേഷം ജില്ലാകളക്ടറെ ഏല്‍പ്പിക്കും. കഴിഞ്ഞ തിരുവോണ ദിവസത്തിലും ജില്ലയിലെ പല ദുരിതാശ്വാസ ക്യാംപുകളിലെത്തി സൗജന്യമായി ഇവര്‍ മുടിവെട്ടി കൊടുത്തിരുന്നു. കൂത്താട്ടുകുളത്ത് സ്വന്തമായി ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണിവര്‍.