പടന്നക്കാട്: പടന്നക്കാട് മരിയന്‍ ആയുര്‍വ്വേദ നഴ്സിംഗ് ഹോമിലെ ജീവനക്കാരിയുടെ അവസരോചിത ഇടപെടല്‍ വഴിമാറ്റിയത് ഒരു വന്‍ തീവണ്ടി ദുരന്തത്തെ. പടന്നക്കാട് ലക്ഷംവീട് കോളനിയിലെ കെഎന്‍ രജനി എന്നും പുലര്‍ച്ചെ ആറു മണിക്ക് നഴ്സിംഗ് ഹോമിലേക്ക് പോകും. എന്നാല്‍ വെള്ളിയാഴ്ച പതിവായി പോകുന്ന വഴിയില്‍ വെള്ളക്കെട്ട് നിറഞ്ഞതിനാല്‍ മറ്റൊരു വഴിയിലൂടെയാണ് റെയില്‍വേ പാളം മുറിച്ചു കടന്നത്. അപ്പോഴാണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള പാളത്തില്‍ പാളം പിളര്‍ന്നതായി കണ്ടത്.
പരശുറാം എക്സ്പ്രസ് കടന്നുവരാനുള്ള സമയം ആയെന്നറിഞ്ഞ രജനി അമ്പരപ്പോടെ ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ലക്ഷംവീട് കോളനിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ജഗദീഷും, പുല്ലൂര്‍ ഐടിഐയിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയുമായ പിഎം പ്രശാന്തും ഓടിയെത്തി. രജനി ഇവരെ പാളത്തിന്റെ വിള്ളല്‍ കാണിച്ചുകൊടുത്തു. ഉടന്‍ തന്നെ മൂവരും ചേര്‍ന്ന് ചുരിദാറിന്റെ ചുവന്ന ഷാളെടുത്ത് കുറേ ദൂരത്തായി പാളത്തില്‍ കെട്ടിവെച്ച് അപകട സൂചന അറിയിച്ചു.
ഇത് കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് മറ്റൊരിടത്തും സമാനമായ രീതിയില്‍ വീണ്ടും പാളത്തില്‍ വിള്ളല്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ റെയില്‍വേ അധികൃതരെയും പോലീസിനെയും വിവരമറിയിച്ചതിനാല്‍ പരശുരാം എക്സ്പ്രസിനെ കാഞ്ഞങ്ങാട്ടും മാവേലി എക്സ്പ്രസിനെ പയ്യന്നൂരിലും നിര്‍ത്തിയിടാന്‍ കഴിഞ്ഞു. ഒരുപക്ഷെ രജനി വഴിമാറി പോയില്ലായിരുന്നുവെങ്കില്‍ പുലര്‍ച്ചെ വിള്ളല്‍ കാണുമായിരുന്നില്ല. വിള്ളല്‍ കണ്ടതും ഇതിന്റെ അപകടഭീകരത മനസിലാക്കുകയും ചെയ്ത രജനി സമയോചിതമായി ഇടപെട്ടതാണ് സംഭവിക്കുമായിരുന്ന ഒരു വന്‍ ദുരന്തത്തെ വഴിമാറ്റിയത്.
ജാഗ്രതാപൂര്‍ണ്ണമായ ഇടപെടലിലൂടെ വന്‍ തീവണ്ടി ദുരന്തം ഒഴിവാക്കിയ രജനിയുടെ മനോധൈര്യത്തെയും രജനി വിവരമറിയിച്ചെത്തി തല്‍സമയം അപകട വിവരം അധികൃതരെ അറിയിക്കാനും അപകട മുന്നറിയിപ്പ് നല്‍കാനും നേതൃത്വം നല്കിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ ജഗദീഷ്, ഐടി വിദ്യാര്‍ത്ഥി പിഎം പ്രശാന്ത് എന്നിവരെ നാട്ടുകാരും അധികൃതരും അഭിനന്ദിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ അബ്ദുര്‍ റസാഖ് തായിലക്കണ്ടി രജനിയെ വീട്ടിലെത്തിയും അഭിനന്ദനമറിയിച്ചു. മഴക്കാലമായതിനാല്‍ പാളം തണുപ്പേറ്റ് ജോയിന്റിന്റെ വിള്ളല്‍ വര്‍ദ്ധിച്ചതാണെന്ന് റെയില്‍വേ സാങ്കേതിക വിഭാഗം പറഞ്ഞു.