കോട്ടയം: മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത തന്നെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു. കേരള ജനപക്ഷം സംസ്ഥാന കണ്വെന്ഷന് കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്.
കേരളത്തില്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കുന്ന തന്ത്രം. തന്നെ പേപ്പട്ടിയാക്കി ഓടിച്ചിട്ടടിക്കാനാണ് നോക്കുന്നത്. മാധ്യമങ്ങളുടെ പിന്തുണയില്ലെങ്കിലും മുന്നോട്ടു പോകും.
സ്ത്രീ സുരക്ഷാ നിയമം സ്ത്രീകള്‍ക്ക് മാന്യത നല്കാന് ഉണ്ടാക്കിയതാണ്. ദുര്‍നടപ്പുകാരായ ചില സ്ത്രീകള്‍ ഇത് പുരുഷന്മാരെ കള്ളക്കേസില്‍ കുടുക്കാന്‍ ഉപയോഗിക്കുന്നു. ഇത്തരം കള്ളനാണയങ്ങള്ക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരുമെന്നും ജോര്‍ജ് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ടീയ പാര്‍ട്ടികളോടും ജനപക്ഷം സീറ്റ് അഡ്ജസ്റ്റ്മെന്റ് നടത്തും. എന്നാല്‍ ഒരു മുന്നണിയുടെയും ഭാഗമാകാതെ മൂന്നു മുന്നണികളോടും തുല്യ അകലം പാലിക്കുമെന്നും ജോര്‍ജ് പറഞ്ഞു.