കണ്ണൂര്‍: മഴയെത്തിയാല്‍ പിന്നെ അവധികളുടെ പൂരമാണ്. ഇത്തവണ കാലവര്‍ഷം കനത്തതോടെ അവധി പ്രഖ്യാപിച്ച് കുഴങ്ങിയിരിക്കുകയാണ് കലക്ടര്‍മാര്‍. കലക്ടര്‍മാരുടെ ഫേസബുക്ക് പേജ് നിറയെ അവധി ചോദിച്ചുകൊണ്ടുള്ള അഭ്യര്‍ത്ഥനകള്‍ വാര്‍ത്തയായിരുന്നു.
ഇതിനിടെ ഒരു അധ്യാപകന്റെ വേറിട്ട കത്ത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. അവധി നല്കിയതിനല്ല കനത്ത മഴയെ തുടര്‍ന്ന് സ്കൂളിന് അവധി നല്‍കിയത് അറിയാന്‍ വൈകിയ അധ്യാപകന് കലക്ടര്‍ക്ക് എഴുതിയ കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കണ്ണൂര്‍ ഇരിട്ടി സ്വദേശിയും കാസര്‍കോട് പള്ളിക്കര ഗവ.ഹയര്‍ സെക്കണ്ടറി അദ്ധ്യാപകനുമായ എന്‍എന്‍ അബൂബക്കര്‍ ആണ് അവധി വിവരം അറിഞ്ഞില്ലെന്നും മഴ കാരണമുള്ള അവധി തലേ ദിവസം പ്രഖ്യാപിച്ച് കൂടെ എന്നും ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ കാസര്‍കോട് ജില്ലാ കലക്റ്റര്‍ക്ക് കത്തെഴുതിയത്.
കാസര്‍കോട് ജില്ലയിലെ പള്ളിക്കര ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂള്‍ അറബിക് അധ്യാപകനാണ് വികലാംഗനായ അബൂബക്കര്‍ മാഷ്. പക്ഷേ മാഷിന്റെ വീട് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലാണ്. ഇരിട്ടിയില്‍ നിന്ന് രാവിലെ 6.30 ന്റെ ബസിന് കേറുന്ന മാഷ് 7.20 കണ്ണൂരിലെത്തും. പിന്നെ അവിടെ നിന്ന് ട്രെയിനില്‍ കയറിയാണ് സ്കൂളിലെത്തുന്നത്. മഴ തുടങ്ങിയതോടെ ട്രെയിനുകളും വൈകി. അതോടെ യാത്ര ദുരിതമായി.
വൈകീട്ടും അതുപോലെ തന്നെ 4 മണിക്ക് സ്കൂള്‍ വിടും. 4.45 വരെ പത്താം ക്ലാസിന്റെ സ്പെഷ്യല്‍ ക്ലാസ്. അത് കഴിഞ്ഞ് ഒരുവിധത്തില്‍ കാഞ്ഞങ്ങാടെത്തുമ്പോള് സമയം 5.30. പിന്നെ അവിടെ നിന്ന് 7 മണിയോടെ കണ്ണൂരെത്തും. പിന്നെ അവിടെ നിന്നും ബസ് പിടിച്ച് വീട്ടിലെത്തുമ്പോള്‍ സമയം രാത്രി 8 കഴിയും. ഇതാണ് അബൂബക്കര്‍ മാഷിന്റെ യാത്രാക്കഥ. 200 കിലോമീറ്ററോളം ദൂരം യാത്ര ചെയ്താണ് എല്ലാ ദിവസവും സ്കൂളിലെത്തുന്നത്.
രാവിലെ 8 മണിക്ക് വണ്ടി കണ്ണപുരമെത്തിയപ്പോഴാണ് കലക്ടര്‍ കാസര്‍കോട് ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചത് അറിഞ്ഞത്. കണ്ണപുരമിറങ്ങി വീട്ടിലേക്ക് പോയാല്‍ എത്താന്‍ ഉച്ച കഴിയും. അതിനാല്‍ സ്കൂളിലേക്ക് തന്നെ പോകാന്‍ തീരുമാനിച്ചത്. അതിനേക്കാള്‍ പ്രധാനം 1000-ളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ് പള്ളിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഇന്നത്തേയ്ക്കുള്ള കുട്ടികളുടെ ഉച്ച ഭക്ഷണത്തിനാവശ്യമായ കടല ഇന്നലെ തന്നെ വെള്ളത്തിലിട്ട് വയ്ക്കും. ഇന്ന് ഇനി ഈ കടല മുഴുവനും ഉപയോഗ ശൂന്യമാകും. അവധി നല്കാത്തിനും നല്‍കിയതിനും പ്രശംസയും വിമര്‍ശനവും കേള്‍ക്കുന്ന കലക്ടര്‍ക്ക് പുതിയ അനുഭവമായിരുന്നു അവധി നേരത്തെ പ്രഖ്യാപിക്കാത്തതിനുള്ള കത്ത്.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അബൂബക്കര്‍ മാഷിന്റെ കത്തിന്റെ പൂര്‍ണ്ണ രൂപം.
ബഹുമാനപ്പെട്ട കാസര്‍ഗോഡ് ജില്ലാ കലക്ടര്‍,
കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശമായ ഇരിട്ടി നഗരസഭയില്‍ നിന്ന് കാസറഗോഡ് ജില്ലയിലെ പള്ളിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ദിനംപ്രതി 200-ലധികം കിലോമീറ്റര്‍ ബസ്സിലും ട്രെയിനിലുമായി യാത്ര ചെയ്ത് വരുന്ന വികലാംഗനായ അധ്യാപകനാണ് ഞാന്‍. ഇന്നും പതിവ് പോലെ പുലര്‍ച്ചെ ഉറക്കമുണര്‍ന്ന് ദുരിതപൂര്‍ണ്ണമായ യാത്ര പാതി വഴി പിന്നിട്ടപ്പോഴാണ് ശക്തമായ മഴയെത്തുടര്‍ന്ന് കാസറഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് , വെള്ളരിക്കുണ്ട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് 20/7/18 വെള്ളി അവധി നല്‍കിക്കൊണ്ടുള്ള താങ്കളുടെ ഉത്തരവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയാനിടയായത്.
സാര്‍,
വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഉചിതമായ തീരുമാനം താങ്കള്‍ കൈക്കൊണ്ടത് ഉചിതം തന്നെ. എങ്കിലും അതിനിത്ര കാലവിളംബം വരുത്തിയതെന്തിനെന്ന് മനസ്സിലാവുന്നില്ല. താരതമ്യേന മഴ കൂടുതലായിരുന്ന കഴിഞ്ഞ ദിവസങ്ങളില്‍ അവധി നല്‍കാതെ മഴ കുറഞ്ഞ ഇന്ന്, അതും അധ്യാപകരും വിദ്യാര്‍ത്ഥികളും സ്കൂളുകളിലേക്ക് പുറപ്പെട്ട ഈ വൈകിയ വേളയില്‍ അവധി പ്രഖ്യാപിച്ചതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല.
സാര്‍,
ഞാനേതായാലും സ്കൂളിലേക്ക് പുറപ്പെട്ടു. പാതിയിലധികം വഴി പിന്നിട്ടു. മംഗലാപുരത്തേക്കള്ള മലബാര്‍ എക്സ്പ്രസ്സിലിരുന്നാണ് ഇതെഴുതുന്നത്. ഇനി തിരിച്ചു പോകുന്നതിലര്‍ത്ഥമില്ല. ഇന്ന് ഞാന്‍ സ്റ്റാഫ് റൂമില്‍ എന്റെ സീറ്റിലുണ്ടാകും. ഉച്ചവരെയെങ്കിലും. താങ്കളുടെ വൈകിയ വിവരവിനിമയത്തില്‍ പ്രതിഷേധ സൂചകമായി .
വിനയപൂര്‍വ്വം.
എന്‍എന്‍ അബൂബക്കര്‍
ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍,
പള്ളിക്കര, കാസര്‍ഗോഡ്.