പത്തനംതിട്ട: ശ്രീനഗറില്‍ നിന്നും കാണാതായ മലയാളി സൈനികന്റെ മൃതദേഹം മധ്യപ്രദേശിലെ റെയില്‍വെ ട്രാക്കില്‍ നിന്നും കണ്ടെത്തി. ജോലിയില്‍ അവധിയെടുത്ത് നാട്ടിലേയ്ക്ക് മടങ്ങും വഴിയാണ് അനീഷ് കുമാറിനെ കാണാതാകുന്നത്. മണ്ണടി ആര്‍ദ്ര ഭവനില്‍ (കുരമ്പേലില്‍ കിഴക്കേതില്‍) എന്‍. വാസുദേവന്‍നായരുടെ മകനാണ് അനീഷ് കുമാര്‍.
ബെതുള്‍ ജില്ലയില്‍ അമല പോലീസ് സ്റ്റേഷന് പരിധിയിലുള്ള റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മദ്രാസ് റജിമെന്റില്‍ നായിക് ആയ അനീഷ് കഴിഞ്ഞ മൂന്നിനാണ് ജോലി സ്ഥലത്തു നിന്ന് നാട്ടിലേക്ക് തിരിച്ചത്. 4ന് രാവിലെ 11ന് ഡല്‍ഹിയില്‍ നിന്ന് കേരള എക്സ്പ്രസില്‍ കയറി. അന്നു വൈകിട്ട് 7.43ന് ആണ് അവസാനമായി ഫോണില്‍ വീട്ടുകാരുമായി ബന്ധപ്പെട്ടത്. ഇതിനു ശേഷം മൊബൈല്‍ ഫോണില്‍ കിട്ടാതായി. നേരം പുലര്‍ന്നപ്പോള്‍ അനീഷിനെ കാണാതായി എന്നാണ് ഒപ്പം യാത്ര ചെയ്തിരുന്നവരില് നിന്ന് അറിയാന്‍ കഴിഞ്ഞത്.
5ന് വൈകിട്ട് 6.30ന് അനീഷിന്റെ ലഗേജുകള്‍ സീറ്റിലിരിക്കുന്ന വിവരം വീട്ടിലേക്ക് ഒരാള്‍ ഫോണില്‍ വിളിച്ചറിയിച്ചതായി ഭാര്യ ഗീതു പറഞ്ഞു. തുടര്‍ന്ന് റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്റെ സഹായത്തോടെ ലഗേജുകള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയും അവിടെ നിന്ന് ബന്ധുക്കള്‍ കൈപ്പറ്റുകയുമായിരുന്നു. അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുള്ള ടിക്കറ്റും ജോലിയില്‍ തിരികെ ചേരുന്നതിനുള്ള ഉത്തരവും സഹിതമാണ് നാട്ടിലേക്ക് തിരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 18 വര്‍ഷം മുന്‍പ് സൈന്യത്തില്‍ ചേര്‍ന്ന അനീഷിന് രണ്ടര വര്‍ഷം മുന്‍പാണ് കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടിലെത്തിയിരുന്നു.