മലപ്പുറം: വീട് വിട്ടിറങ്ങി റോഡില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന 12 കാരിയെ ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പെരിന്തല്‍മണ്ണ- പട്ടാമ്പി റോഡില്‍ തൂതയില്‍ നിന്ന് അലഞ്ഞുതിരിയുകയായിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകീട്ട് റോഡില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ് സ്ഥലത്തെത്തി. പെണ്‍കുട്ടിയെ മലപ്പുറം ചൈല്‍ഡ് ലൈനിന് കൈമാറി. പോലീസാണ് കുട്ടിയെ ചൈല്‍ഡ് ഹോമിലേക്ക് മാറ്റിയത്.
അസാം സ്വദേശിയാണ് പെണ്‍കുട്ടി. മണ്ണാര്‍ക്കാട് ആര്യമ്പാവ് കോഴിഫാമിലാണ് കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്നത്. അച്ഛനോട് പിണങ്ങി താമസസ്ഥലത്തുനിന്ന് ഇറങ്ങിയെന്നാണ് കുട്ടി ചൈല്‍ഡ് ലൈനില്‍ നല്കിയ മൊഴി.
പിതാവിനെ വിളിച്ചുവരുത്തിയെങ്കിലും കൂടെ പോവാന്‍ താല്‍പ്പര്യമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ വെള്ളിമാട് കുന്ന് ഗവ.ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയായിരുന്നു.