കൊച്ചി: ഭിന്നലിംഗക്കാരുടെ വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നെങ്കിലും പള്ളികളില്‍ വെച്ചുള്ള വിവാഹം അനുവദനീയമല്ലെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ.
സഭയെ സംബന്ധിച്ച് വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ളതാണെന്നു അതിനാല്‍ ഒരേ ലിംഗത്തില്‍ പെട്ടവരുടെ വിവാഹം അംഗീകരിക്കാനാവില്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു.
വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കുമ്പോളും ധാര്‍മികതയെ പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. ഭിന്നലിംഗക്കാരെ സഭ മാറ്റിനിര്‍ത്തുന്നില്ലെന്നും വിവാഹം ഒഴികെ മറ്റു കൂദാശകള്‍ സ്വീകരിക്കാമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്നാണ് സുപ്രീംകോടതിയുടെ ചരിത്രവിധി. ഇത്തരം ലൈംഗികബന്ധം കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമം മുന്നൂറ്റി എഴുപത്തേഴാം വകുപ്പിലെ വ്യവസ്ഥ കോടതി റദ്ദാക്കി. ഈ വകുപ്പ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവും യുക്തിഹീനവുമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബഞ്ച് വിധിച്ചു.