തിരുവനന്തപുരം: മഹാപ്രളയക്കെടുതിയില്‍ അകപ്പെട്ട നാഗാലാന്‍ഡിനെ സഹായിക്കണമെന്ന് ആഹ്വാനം ചെയ്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന്. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പേജിലൂടെയാണ് ആഹ്വാനം ചെയ്തത്.
ഒരു പ്രളയക്കെടുതിയുടെ ദുരിതപര്‍വ്വം താണ്ടുന്നവരാണ് നമ്മള്. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡും പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്നു. ആപത്ത്കാലത്ത് നമുക്കരികിലേക്ക് ഓടിയെത്തിയവരാണ് നാഗാലാന്‍ഡുകാര്‍. നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി എന്നെ കണ്ട് കേരളജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
അവരുടെ സഹായം കേരളത്തിന് നല്‍കുകയും ചെയ്തു. ആ സ്നേഹം നമ്മുടെ മനസില്‍ എന്നും ഉണ്ടാകണം. പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ നാഗാലാന്‍ഡിനെ നമുക്കും സഹായിക്കാം. ഈ ദുരിതകാലത്ത് നമുക്ക് നാഗാലാന്‍ഡ് ജനതക്കൊപ്പം നില്ക്കാം, കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നാഗാലാന്‍ഡില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയത്തില്‍ പന്ത്രണ്ടോളം പേരാണ് മരിച്ചത്. മൂവായിരത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നു. മണ്‍സൂണ്‍ ശക്തിപ്പെട്ടതാണ് പ്രളയത്തിന് പ്രധാന കാരണം.