പത്തനംതിട്ട; മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്നയെ കുറിച്ച് സുപ്രധാന വിവരം കിട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പക്ഷെ പൂര്‍ണ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അല്‍പ്പം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി.
അന്വേഷണത്തില്‍ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ ഹൈക്കോടതിക്ക് കൈമാറിയ സര്‍ക്കാര്‍ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു. സര്‍ക്കാരിന്റെ വാദം പരിഗണിച്ചുള്ള നടപടിയാണ് പിന്നീട് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സര്‍ക്കാര്‍ നല്കിയ വിവരങ്ങള്‍ പരിശോധിച്ച കോടതി, ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുപോകട്ടെ എന്ന് നിരീക്ഷിച്ചു.
കഴിഞ്ഞ മാര്‍ച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ നിന്നുമാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്നയെ കാണാതായത്. കേസില്‍ മൂന്ന് മാസത്തിലധികമായി അന്വേഷണം നടത്തുന്ന പോലീസ് ആദ്യമായാണ് തെളുവുകള്‍ ലഭിച്ചുവെന്ന് അവകാശപ്പെടുന്നത്. ദിവസങ്ങളോളം പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കേസില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ ജെസ്നയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് കരുതപ്പെടുന്നു. ഇക്കാര്യം അന്വേഷണ സംഘം പുറത്തുപറയാന്‍ തയാറായിട്ടില്ല.
കേസില്‍ പോലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിലര്‍ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. കൂടുതല്‍ ശക്തമായ തെളിവുകള്‍ക്ക് വേണ്ടി പോലീസ് കാത്തിരിക്കുകയാണ്. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷകള്‍ ലഭിക്കുന്നതിലും പോലീസിന് സംശയമുണ്ട്. അന്വേഷണ വിവരങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വ്യക്തികള്‍ ആവശ്യപ്പെടുന്നതെന്നാണ് പോലീസ് പരിശോധിക്കുന്നത്.
പോലീസ് നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുന്നതിനാല്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവയ്ക്കുകയും ചെയ്തു.