അമരവിള: തിരുവനന്തപുരം ജില്ലാ ജയിലിലെ വാര്‍ഡനെ പണിനടന്നുകൊണ്ടിരിക്കുന്ന സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൈകള്‍ കൂട്ടിക്കെട്ടിയും വായില്‍ തുണി തിരുകിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
സ്ഥലത്ത് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ആനാവൂര്‍ ആലത്തൂര്‍ തെക്കേക്കുഴിവിള വീട്ടില്‍ പരേതനായ ക്രിസ്തുദാസ്-ശോഭ ദമ്പതികളുടെ മകന് ജോഷിന് ദാസ് (27) ആണ് മരിച്ചത്.
മൃതദേഹം കണ്ടെത്തിയതിന് രണ്ടു കിലോമീറ്റര്‍ അകലെ വാടക വീട്ടില്‍ അമ്മയോടൊപ്പമാണ് ജോഷിന്‍ദാസ് താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഇയാളെ കാണാത്തതിനെ തുടര്‍ന്ന് മാതാവും ബന്ധുക്കളും അന്വേഷിച്ചിറങ്ങിയിരുന്നു. പുലര്‍ച്ചെ 12.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ മാരായമുട്ടം പോലീസില്‍ വിവരം അറിയിച്ചു.
ദുരൂഹ മരണമായതിനാല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാവും മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുക. സംഭവത്തെക്കുറിച്ച് മാരായമുട്ടം പോലീസ് കേസ് അന്വേഷണം തുടങ്ങി.