തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ കുട്ടികള്‍ക്ക് മാത്രമായുള്ള ആദ്യ കാത്ത് ലാബിന്റെ പ്രവര്‍ത്തനം എസ്എടി ആശുപത്രിയില്‍ തുടങ്ങി. കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രി ഇതിലൂടെ. 2 ദിവസം കൊണ്ട് കാത്ത് ലാബ് ചികിത്സ ലഭ്യമാക്കിയത് ജനിതക ഹൃദ്രോഗമുള്ള 16 കുട്ടികള്‍ക്കാണ്. ആദ്യ ഘട്ടത്തില്‍ ചികിത്സ ലഭ്യമാക്കിയത് 10 മാസം മുതല്‍ 16 വയസുവരെയുള്ള 16 കുട്ടികള്‍ക്കാണ.് ചികിത്സ ലഭ്യമായ കുട്ടികള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഈ കാത്ത് ലാബ് വഴി കുട്ടികളിലും നവജാത ശിശുക്കളിലും കാണപ്പെടുന്ന ജനിതക ഹൃദ്രോഗങ്ങളില്‍ പകുതിയോളവും ഹൃദയം തുറന്ന് ശസ്ത്രക്രിയ ചെയ്യാതെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ഈ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ ഒന്നര ലക്ഷത്തിന് മുകളില്‍ ചെലവു വരും. എന്നാല്‍ സര്‍ക്കാര്‍ ഇത് സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്. എസ്എടി ആശുപത്രിയുടെ ദീര്‍ഘകാല സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടതെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.