മുംബൈ: ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ ടെലികോം മേഖലയിലെ ലയനങ്ങള്‍ കാരണം 60,000 മുതല്‍ 90,000 വരെ പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവുമധികംപേര്‍ക്ക് ജോലി നഷ്ടമാവുക ഉപഭോക്തൃസേവന, ധനകാര്യ വിഭാഗങ്ങളിലാണെന്ന് മാനവ വിഭവശേഷി കണ്‍സള്‍ട്ടന്‍സി രംഗത്തെ പ്രമുഖരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
വന്‍കിട സ്ഥാപനങ്ങള്‍ പരസ്പരം ലയിക്കാന്‍ തുടങ്ങിയത് ടെലികോം മേഖലയില്‍ മത്സരം മൂര്‍ച്ഛിക്കുകയും പ്രമുഖസ്ഥാപനങ്ങള്ക്കെല്ലാം ലാഭം കുറയുകയും ചെയ്ത സാഹചര്യത്തിലാണ്. ലയനത്തിനുശേഷം ടവറുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പരസ്പരം പങ്കുവെക്കുകയും കസ്റ്റമര്‍ കെയര്‍ പോലുള്ള സംവിധാനങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്യും. ഇതോടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വരും.
കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ടീം ലീസ് സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ കണക്കു പ്രകാരം അടുത്ത മാര്‍ച്ച് 31ഓടെ ടെലികോം മേഖലയില്‍ 65,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. മറ്റു മേഖലകളെ അപേക്ഷിച്ച് ടെലികോം രംഗത്തെ ശമ്പളവര്‍ധനയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 69 ശതമാനം പേര്‍ക്കും ഏഴു ശതമാനത്തില്‍ താഴെ ശമ്പള വര്‍ധനയാണ് ലഭിച്ചത്. അതില്‍ മൂന്നിലൊന്നു പേര്‍ക്ക് അഞ്ചു ശതമാനത്തില്‍ താഴെയായിരുന്നു വര്‍ധന.