ചെന്നൈ: തമിഴ്നാട് തിരുപ്പൂരില്‍ പുതുതായി നിയമിക്കപ്പെട്ട ദളിത് സ്ത്രീയായ പാചകക്കാരിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ സ്കൂള്‍ അടിച്ചു തകര്‍ത്തു. അവിനാഷി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. ഹിന്ദു മതത്തിലെ മേല്‍ജാതിക്കാരെന്ന് അവകാശപ്പെട്ട് എത്തിയ സംഘമാണ് പാചകക്കാരിയെ തടഞ്ഞുവെച്ച് അക്രമം അഴിച്ചു വിട്ടത്.
ദളിത് സ്ത്രീ വെച്ചുവിളമ്പുന്നത് എങ്ങനെയാണ് ഉയര്‍ന്ന ജാതിക്കാരുടെ മക്കള്‍ കഴിക്കുക എന്ന് ചോദിച്ചു കൊണ്ടായിരുന്നു അക്രമം. സ്കൂളിലെ പാചകപ്പുരയിലേക്കെത്തിയ പപ്പ എന്ന ദളിത് സ്ത്രീയെ ആറു പേര് ചേര്‍ന്ന് തടയുകയും തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അവിനാഷി ഗ്രാമക്കാരായ ഹിന്ദുമതത്തിലെ മേല്‍ജാതിക്കാരെന്ന് അവകാശപ്പെട്ടവരാണ് ദളിത് സ്ത്രീയെ തടഞ്ഞു വെച്ചത്.
പാചകക്കാരിയെ മാറ്റാനാകില്ലെന്ന് സ്കൂള്‍ അധികാരികള്‍ നിലപാടെടുത്തതോടെ രക്ഷിതാക്കളുള്‍പ്പടെ അന്‍പതോളം പേരെത്തി സ്കൂള്‍ ആക്രമിക്കുകയായിരുന്നു. അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ദളിത് പാചകക്കാരിയെ മാറ്റിയില്ലെങ്കില്‍ കുട്ടികളെ സ്കൂളില്‍ അയക്കില്ലെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ ദേശീയ പട്ടികജാതി കമ്മിഷന് തിരുപ്പൂര്‍ ജില്ലാ കലക്ടറോടും എസ്പി യോടും വിശദീകരണം ചോദിച്ചുട്ടുണ്ട്.