ന്യൂഡല്‍ഹി: രണ്ട് പതിറ്റാണ്ടിന് ശേഷം ഡല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവ കുഞ്ഞ് ജനിക്കാന്‍ പോകുന്നു. നിര്‍ഭയ എന്ന മൂന്ന് വയസുകാരിയായ വെള്ള ബംഗാള്‍ കടുവയെ പ്രസവത്തിനായി ഒരുക്കുന്നതിന്റെ സന്തോഷത്തിലാണ് പാര്‍ക്കിലെ ജീവനക്കാര്‍. അഞ്ച് വയസുകാരന് കരണ്‍ എന്ന മഞ്ഞവരയന്‍ കടുവയാണ് നിര്‍ഭയയുടെ ഇണ.
ഓഗസ്റ്റ് പകുതിയോടെ നിര്‍ഭയ പ്രസവിക്കും. 27 വര്‍ഷത്തിനു ശേഷമാണ് പാര്‍ക്കില്‍ ഒരു വെള്ളക്കടുവ അമ്മയാകാന്‍ പോകുന്നത്. ഇതിനു മുന്‍പ് 1991 ലാണ് വെള്ള ബംഗാള്‍ കടുവ ഗര്‍ഭിണിയായത്. അന്ന് രണ്ട് കുഞ്ഞുങ്ങളായിരുന്നു ഉണ്ടായത്. ഒന്ന് വെള്ള കടുവയും മറ്റൊന്ന് മഞ്ഞ കടുവയും.
കഴിഞ്ഞ മേയ് മാസത്തിലാണ് നിര്‍ഭയയെയും കരണിനെയും ഒരു കൂട്ടിലേക്ക് മാറ്റിയത്. ഇവര്‍ തമ്മില്‍ വഴക്കുണ്ടാക്കുമോ എന്നറിയാനായിരുന്നു ഒന്നിച്ച് താമസിപ്പിച്ചത്. എന്നാല്‍ യാതൊരു വഴക്കും ഇല്ലാതെ ഇരുവരും സ്നേഹത്തോടെ കഴിഞ്ഞതിനാല്‍ ഇവരെ തമ്മില്‍ ഇണ ചേര്‍ക്കുകയായിരുന്നു.
ഇപ്പോള്‍ മൃഗശാലയില്‍ നിര്‍ഭയക്കായി ഒരു സ്വകാര്യ ഇടം ഒരുക്കിയിട്ടുണ്ട്. അമ്മയാകുവാന്‍ പോകുന്നതോടെ പുതിയ ഭക്ഷണക്രമമാണ് ഇപ്പോള്‍ നിര്ഭയയ്ക്കുള്ളത്. സാധാരണ നല്‍കിവരുന്ന 12 കിലോ ഇറച്ചി കൂടാതെ മൂന്നു കിലോ കോഴിയും ഒരു മുട്ടയും ഒരു ലിറ്റര്‍ പാലും ദിവസവും നിര്‍ഭയയ്ക്ക് നല്‍കുന്നുണ്ട്. കടുവ കുഞ്ഞുങ്ങള്‍ നടന്നു തുടങ്ങിയതിന് ശേഷം മാത്രമേ സന്ദര്‍ശകര്‍ക്ക് മുന്നിലേക്ക് അവയെ എത്തിക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. നിര്‍ഭയയുടെയും കരണിന്റെയും കുഞ്ഞുങ്ങളെ കാണുവാനുള്ള കാത്തിരിപ്പിലാണ് മൃഗസ്നേഹികള്‍.