തന്റെ നാലാം വയസ്സില്‍ സംഭവിച്ച ദുരന്തത്തെക്കുറിച്ചും അതിനെ അതിജീവിച്ചതെങ്ങനെയെന്നും വെളിപ്പെടുത്തി യുവതി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെയിലൂടെയാണ് യുവതി പൊള്ളുന്ന അനുഭവം കുറിച്ചത്.
തനിക്ക് സംഭവിച്ച ദുരന്തത്തിന് കാരണം തന്റെ അച്ഛന് ആണെന്നും യുവതി കുറിപ്പിലൂടെ വെളിപ്പെടുത്തുന്നുണ്ട്.അച്ഛന് കൊണ്ടുവന്ന പെട്രോള്‍ കുപ്പി മറിഞ്ഞ് ദേഹത്തേക്ക് തീ പടര്ന്നര്ന്നുകയറുകയും ശരീരത്തിലെ തൊലിയുതിര്ന്ന് പോകുകയും ചെയ്ത അനുഭവമാണ് യുവതി പറയുന്നത്.
also read:പനി ബാധിച്ച് ചികിത്സയില്‍, യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
ആശുപത്രിയില്‍ കഴിയേണ്ടിവന്ന ദിവസങ്ങളെക്കുറിച്ചും കൂടെയുള്ളവര്‍ ഒറ്റപ്പെടുത്തിയപ്പോഴുണ്ടായ വേദനയും പിന്നീട് ആത്മവിശ്വാസം കൈവരിച്ച് ജീവിതത്തിലേക്ക് തിരിച്ചുകയറിയതിനെക്കുറിച്ചും യുവതി കുറിപ്പിലൂടെ പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞ് രണ്ടാമത്തെ ദിവസമായിരുന്നു അത്. അമ്മയും ഞാനും സഹോദരിമാരും തീകായുകയായിരുന്നു. നല്ല തണുപ്പുള്ള രാത്രിയായിരുന്നു അത്. അഞ്ചു നിമിഷങ്ങള്‍ക്കു ശേഷം ഞങ്ങളുടെ അച്ഛന് ജോലി കഴിഞ്ഞ് വന്നു. ‘ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് അല്പം ചൂടേല്‍ക്കുകയാണ്.’ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് സംഭവിച്ച കാര്യങ്ങള്‍ വ്യക്തമല്ല. എന്താണു സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. എന്റെ മുഖം പൊള്ളുകയാണെന്നു മാത്രം എനിക്കു മനസ്സിലായി. എനിക്ക് എന്റെ കണ്ണുകളും ചുണ്ടും ഇല്ലെന്നാണ് തോന്നിയത്.
നാലുവയസ്സായിരുന്നു എന്റെ പ്രായം. അച്ഛനും അമ്മയും എന്നെയും എടുത്ത് ആശുപത്രിയിലേക്ക് ഓടി. അച്ഛന് കൊണ്ടുവന്ന പെട്രോള്‍ കുപ്പി മറിഞ്ഞാണ് എന്റെ ദേഹത്തേക്ക് തീ പടര്‍ന്നതെന്ന് അമ്മ പറഞ്ഞു. അത് അച്ഛന്റെ തെറ്റാണ്. മുഖവും കൈകളും പൂര്‍ണമായും പൊള്ളി. ഞാന്‍ രക്ഷപ്പെടുമോ എന്ന് എനിക്ക് സംശയം തോന്നി. അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയയാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മണിക്കൂറുകള്‍ക്കു ശേഷം മുഖത്തു മുഴുവന്‍ ബാന്‍ഡേജുമായി ഞാന്‍ ഉണര്‍ന്നു.
അടുത്ത അഞ്ചുവര്‍ഷം ഞാന്‍ 8 ശസ്ത്രക്രിയകള്‍ക്കു വിധേയയായി. എപ്പോഴും എന്റെ അമ്മ കൂടെ തന്നെയുണ്ടായിരുന്നു. എന്റെ കൈ പിടിച്ച് മണിക്കൂറുകളോളം അമ്മ എനിക്ക് അരികില്‍ ഇരിക്കുമായിരുന്നു. സ്കൂളിലോ പുറത്ത് കളിസ്ഥലങ്ങളിലോ ഞാന്‍ പോയില്ല. എന്റെ കുട്ടിക്കാലത്തെ അഞ്ചുവര്‍ഷവും ആശുപത്രിയിലായിരുന്നു. 2009ല്‍ ഞാന്‍ ആശുപത്രി വിട്ടു. ജീവിതം എങ്ങനെ തിരിച്ചു പിടിക്കും എന്നെനിക്ക് ആശങ്കയുണ്ടായിരുന്നു. അങ്ങനെ ഞാന്‍ സ്കൂളില്‍ പോകാന്‍ തുടങ്ങി. പക്ഷേ, കൂടെയുള്ളവര്‍ എന്നെ അകറ്റി നിര്‍ത്തി. അവര്‍ എന്നോട് സംസാരിച്ചില്ല. ഒരിക്കല്‍ പ്രിന്‍സിപ്പാള്‍ എന്നെ കാണുന്നതും ഞാന്‍ സംസാരിക്കുന്നതും മറ്റു കുട്ടികള്‍ക്കു ഭയമാണെന്നു പറഞ്ഞു.
ഞാന്‍ മറ്റുള്ളവരോട് സംസാരിക്കുന്നത് നിര്‍ത്തി. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ എന്നെ മറ്റൊരു സര്‍ക്കാര്‍ സ്കൂളിലേക്ക് അമ്മ മാറ്റി. അത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. അവിടത്തെ സുഹൃത്തുക്കളും അധ്യാപകരും എനിക്ക് വലിയ പ്രോത്സാഹനമായിരുന്നു നല്‍കിയത്. പഠനശേഷം ഞാന്‍ ധാരാളം ആര്‍ട്ടിസ്റ്റിക് വര്‍ക്കുകള്‍ ചെയ്തു. ആര്‍ട്ട് വര്‍ക്ക് എക്സിബഷനും നടത്തി. ഇന്‍സ്റ്റഗ്രാമില്‍ മേക്കപ്പ് റീലുകളും ചെയ്തു. റീലുകള്‍ ചെയ്യുമ്പോള്‍ ആദ്യം എനിക്ക് ഭയമുണ്ടായിരുന്നു. എന്റെ മുഖം എങ്ങനെയാണ് കാണികള്‍ സ്വീകരിക്കുക എന്നായിരുന്നു ചിന്ത. എന്നാല്‍ ധൈര്യം സംഭരിച്ച് ഞാന്‍ ആദ്യത്തെ റീല്‍ ചെയ്തു. നല്ല പ്രതികരണം ലഭിച്ചപ്പോള്‍ അത് തുടര്‍ന്നു.
എന്റെ വീട്ടുകാരും സുഹൃത്തുകളും പൂര്‍ണമായ പിന്തുണയും നല്കി. ഇപ്പോള്‍ എനിക്ക് 22 വയസായി. എന്റെ മാതാപിതാക്കള്‍ ഒരിക്കലും എന്റെ മുഖം മറയ്ക്കാന്‍ ആവശ്യപ്പെട്ടില്ല. എന്റെ അമ്മാവന്മാര് എനിക്കു സഹായം നല്കി. അവര്‍ കൂടെയുണ്ടായിരുന്നതു കൊണ്ടാണ് എനിക്കു ജീവിതത്തില്‍ വിജയിക്കാന്‍ സാധിച്ചത്.