ന്യൂഡല്‍ഹി: പ്രളയകെടുതിയ്ക്ക് പിന്നാലെ വിവാദങ്ങളും, ചോദ്യങ്ങളും നിലനില്‍ക്കെ യുഎഇ സ്ഥാനപതി കേരളത്തിലേക്ക്. അഹമ്മദ് അല്‍ ബന്നയാണ് കേരളം സന്ദര്‍ശിക്കുന്നത്. സന്നദ്ധ സംഘടനകളുമായും ഉദ്യോഗസ്ഥരുമായും മുഹമ്മദ് അല്‍ ബന്ന കൂടിക്കാഴ്ച നടത്തും. ശേഷം ദുരന്തബാധിത മേഖലകളും സന്ദര്‍ശിക്കും. അടുത്തയാഴ്ചയാവും അദ്ദേഹം കേരളത്തിലെത്തുക.
കേരളത്തിന് യുഎഇ 700 കോടി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത സംഭവം നേരത്തെ വലിയ വിവാദമായിരുന്നു. ചൊവ്വാഴ്ച മുഖ്യമന്ത്രിയാണ് യുഎഇയുടെ സഹായവാഗ്ദാനം പത്രസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ കേരളത്തിലെ പ്രളയദുരന്തം നേരിടാന്‍ വിദേശസഹായം ആവശ്യമില്ലെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി.
കേന്ദ്രത്തിന്റെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍ ഇതിന് പിന്നാലെ 700 കോടി രൂപ തങ്ങള്‍ ഔദ്യോഗികമായി വാഗ്ദാനം ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി യുഎഇ രംഗത്തെത്തി. ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന ഇക്കാര്യം അറിയിച്ചത്.