കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ സെയില്സ്മാന്മാരെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച യുവതി പിടിയില്‍. കിച്ചന്-ചിമ്മിനി കമ്പനിയുടെ സെയില്സ്മാന്മാരെ കൊല്ലാന്‍ ശ്രമിച്ച ന്യൂ അലിപുര്‍ സ്വദേശി മഥുമതി സാഹയാണ് പിടിയിലായത്.
ചിമ്മിനിയുടെ പണം വാങ്ങാനായി എത്തിയ അമിത് ചക്രബര്‍ത്തി, സോമനാഥ് മോന്‍ണ്ടല്‍ എന്നിവരെ കൊല്ലാനായിരുന്നു ശ്രമം. പണം വാങ്ങാന്‍ എത്തിയ ഇരുവര്‍ക്കും കുടിക്കാന്‍ കൊടുത്ത പാനീയത്തില്‍ വിഷം ചേര്‍ക്കുകയായിരുന്നു.
പാനീയം കുടിച്ചയുടന്‍ ചക്രബര്‍ത്തി അബോധാവസ്ഥയിലായി. ഇക്കാര്യം കമ്പനിയെ അറിയിക്കാന്‍ ശ്രമിച്ച സോമനാഥിന്റെ ഫോണും യുവതി പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ഇവിടെനിന്നും രക്ഷപ്പെട്ട സോമനാഥിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ന്യു അലിപുര്‍ പോലീസ് മഥുമതിയെ അറസ്റ്റു ചെയ്തത്.
അബോധാവസ്ഥയിലായ ചക്രബര്‍ത്തിയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചിമ്മിനി കമ്പനിയും യുവതിയുടെ പേരില്‍ പരാതി നല്കി. കഴിഞ്ഞ മാസമാണ് യുവതി ചെക്ക് നല്കി ചിമ്മിനി വാങ്ങിയത്.
എന്നാല്‍ ചെക്ക് മടങ്ങിയതോടെ പണത്തിനായി കമ്പനി യുവതിയെ സമീപിക്കുകയായിരുന്നു. പണം നല്‍കാമെന്ന് യുവതി കമ്പനിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സെയില്സ്മാന്മാര് യുവതിയുടെ വീട്ടിലെത്തിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.