ലഖ്നൗ: ഖൊരക്പുരിലെ ശിശുമരണങ്ങള്‍ക്ക് കാരണം ഓക്സിജന്റെ അഭാവം മൂലമാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ഞെട്ടിച്ച ശിശുമരണം ഉത്തര്‍പ്രദേശിലെ ബിആര്‍ഡി ആശുപത്രിയില്‍ നടന്നത്. കഴിഞ്ഞ വര്‍ഷമാണ് അറുപതിലേറെ കുഞ്ഞുങ്ങള്‍ മരിച്ചു വീണത്. ഒരു വര്‍ഷത്തിനു ശേഷമാണ് ശിശുമരണങ്ങളെക്കുറിച്ച് യോഗി അഭിപ്രായ പ്രകടനം നടത്തുന്നത്.
ആശുപത്രിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കുഞ്ഞുങ്ങളെ മരണത്തിന് ഇടയാക്കിയതെന്ന് അദ്ദേഹത്തിന്റെ വാദം. സംസ്ഥാന പോഷകാഹാര മിഷന്റെ പരിപാടി ഉദ്ഘാടനം ചെയ്യവെയായിരുന്നു ആദിത്യനാഥിന്റെ ഈ പ്രസ്താവന. കുഞ്ഞുങ്ങള്‍ മരിച്ചു വീണുവെന്ന വെന്നത് ആദ്യം വ്യാജവാര്ത്തയായിട്ടാണ് കരുതിയിരുന്നത്. എന്നാല്‍ മാധ്യമ ഇടപെടലുകളും ഉയര്‍ന്നതോടെയാണ് വിഷയത്തില്‍ ഇടപെടല്‍ നടത്തിയതെന്നും അദ്ദേഹം പറയുന്നു. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു- ആദിത്യനാഥ് പറഞ്ഞു.
വാര്‍ത്ത പുറത്തുവന്ന അന്നുതന്നെ ശിശുമരണത്തിന്റെ കാരണം താന്‍ അന്വേഷിച്ചിരുന്നെന്നും ആശുപത്രിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നാണ് തനിക്ക് കിട്ടിയ ഉത്തരമെന്നും ആദിത്യനാഥ് പറയുന്നു. അടുത്ത ദിവസം, ആശുപത്രിയില്‍ ചെന്നപ്പോള്‍ അവിടെ ഓക്സിജന്റെ ക്ഷാമം ഇല്ലെന്നാണ് അറിഞ്ഞത്. ഓക്സിജന്‍ കുറവാണെങ്കില്‍ വെന്റിലേറ്ററിലുണ്ടായിരുന്ന കുട്ടികളായിരുന്നു ആദ്യം മരിക്കേണ്ടിയിരുന്നതെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.