കൊല്‍ക്കത്ത: ബിജെപി വിരുദ്ധ മതേതര ശക്തികള്‍ ഒന്നിക്കേണ്ട സമയം അതിക്രമിക്കുകയാണ് നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. 2019 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പായി ഇടത് കക്ഷികള്‍ മടിക്കാണിക്കാതെ കൈകോര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വേച്ഛാധിപത്യത്തിനെതിരായ എതിര്‍പ്പ് നാം പ്രകടിപ്പിക്കണം. വര്‍ഗീയത വലിയ ഭീഷണിയായി മാറിയിരിക്കുന്നു. അതിനെതിരെ പോരാടേണ്ട സമയത്ത് മാറിനില്‍ക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേവലം 31 ശതമാനം മാത്രം വോട്ട് നേടിയാണ് ബിജെപി ഭരിക്കുന്നത്. 2014 ലില്‍ എന്താണ് സംഭവിച്ചത് ഒരു പാര്‍ട്ടിക്ക് 55 ശതമാനം സീറ്റുകള്‍ കിട്ടി. യഥാര്‍ഥത്തില്‍ അവര്‍ക്ക് ലഭിച്ചത് 31 ശതമാനം വോട്ട് മാത്രമാണ്.
ഇന്ത്യ എങ്ങോട്ട് എന്ന വിഷയത്തില്‍ ശിശിര്‍ മഞ്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ ഇടതുകക്ഷികള്‍ക്ക് മുന്‍പെ തൃണമൂല്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതില്‍ ഇടതുപക്ഷത്തിന് അഭിമാനിക്കാനില്ല. ഇടതുപക്ഷമാണ് എന്ന് അഭിമാനിക്കുന്നുവെങ്കില്‍ ഒരു വിഷയം വരുമ്പോള്‍ അവര്‍ ശബ്ദിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.