മുംബൈ: കേരളത്തിന്റെ കണ്ണീരൊപ്പാന്‍ സഹായഹസ്തവുമായി ബിഗ്ബിയും. കേരളത്തിന്റെ പ്രളയകെടുതിയില്‍ ചലച്ചിത്ര മേഖലകളില്‍ നിന്ന് നിരവധി സഹായങ്ങളാണ് എത്തുന്നത്. മലയാളത്തിന് പുറമെ ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ താരങ്ങളും കേരളത്തിന് കൈത്താങ്ങുമായി രംഗത്തെത്തി. ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ സംഭാവനയാണ് ഞെട്ടിക്കുന്നത്.
51 ലക്ഷത്തിനു പുറമെ സ്വന്തം വസ്ത്രങ്ങളും സ്വകാര്യ വസ്തുക്കളുമടക്കം കേരളത്തിനുള്ള ദുരിതാശ്വാസത്തിനായി നല്കി താരമാവുകയാണ് ബച്ചന്. ആറു ബോക്സുകളിലായി സ്വകാര്യ വസ്തുക്കളും ബച്ചന് നല്‍കിയിട്ടുണ്ട്. ഇതില്‍ 80 ജാക്കറ്റുകള്‍, 25 പാന്റുകള്‍, 20 ഷര്‍ട്ടുകള്‍ എന്നവയാണ് അടങ്ങിയിട്ടുള്ളത്. 40 ജോഡി പാദരക്ഷകളടക്കം മഹാനടന് സംഭാവന ചെയ്തിട്ടുണ്ട്.
ഓസ്കര് ജേതാവും മലയാളിയുമായ റസൂല്‍ പൂക്കുട്ടി വഴി ബോളിവുഡ് വലിയ തോതിലുള്ള സഹായം ചെയ്തിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഷാറൂഖ് ഖാന്, അക്ഷയ് കുമാര്‍, വിദ്യാ ബാലന്, ജാക്വിലിന് ഫെര്‍ണാണ്ടസ് എന്നിവരെല്ലാം പൂക്കുട്ടി വഴി സഹായം എത്തിച്ചിട്ടുണ്ട്.