ചെന്നൈ : വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശയവിനിമയത്തിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ഒരു രാജ്യം ഒരു ഭാഷ രാജ്യത്തിന്റെ ഐക്യം തകര്‍ക്കുമെന്നും തെറ്റ് വീണ്ടും ആവര്‍ത്തിക്കരുതെന്നും സ്റ്റാലിന് പ്രതികരിച്ചു.
ലാംഗ്വേജ് കമ്മിറ്റിയുടെ 37ാം യോഗത്തില്‍ അമിത് ഷാ നടത്തിയ പ്രസംഗം രാജ്യത്തിന്റെ നാനാത്വത്തിന് ഭംഗം വരുത്തുന്നതാണെന്ന് സ്റ്റാലിന് ട്വീറ്റ് ചെയ്തു. രാജ്യത്തെ ഐക്യം നശിപ്പിക്കാന്‍ ബിജെപി വീണ്ടും വീണ്ടും ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെ മാത്രമാണോ അമിത് ഷായ്ക്ക് വേണ്ടതെന്നും സ്റ്റാലിന് ചോദിച്ചു.
“ഒരു രാജ്യം ഒരു ഭാഷ എന്നത് ഒരു തരത്തിലുള്ള ഐക്യത്തിനും കാരണമാവില്ല. അത് ഏകത്വമാണ്. ഏകത്വമൊരിക്കലും ഐക്യത്തിലേക്ക് നയിക്കില്ല. ബിജെപി വീണ്ടും തെറ്റാവര്ത്തിക്കുകയാണ്. ഇതില്‍ നിങ്ങളൊരിക്കലും വിജയിക്കാന്‍ പോവുന്നില്ല”. സ്റ്റാലിന് കുറിച്ചു.