ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട യുവാവിനോട് പ്രളകെടുതിയില് വലയുന്ന കേരളത്തിലെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്കാന് ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. 15,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് കോടതി ഉത്തരവ്.
ലൈംഗികാതിക്രമക്കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരുണ്‍ സിങ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സഞ്ജീവ് സച്ചദേവയുടേതാണ് ഉത്തരവ്. തനിക്കെതിരെയുണ്ടായ എഫ്ഐആര്‍ ഒരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്നും വാദിയായ ആളുമായി ഏറെ അടുപ്പമുണ്ടെന്നും അടുത്ത സുഹൃത്തുക്കളാണെന്നും പറഞ്ഞാണ് ഇയാള്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടത്.
പ്രശ്നം തങ്ങള്‍ പറഞ്ഞു പരിഹരിച്ചിട്ടുണ്ടെന്നും ഇതുപ്രകാരം ആഗസ്റ്റ് 28ന് ഒരു ഒത്തുതീര്‍പ്പ് കരാര്‍ ദല്‍ഹിയിലെ സാകേത് കോടതിയിലെ മെഡിക്കേഷന്‍ സെന്ററില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഇയാളുടെ വാദം പരാതി നല്‍കിയയാളും അംഗീകരിച്ചു. ഇതിനു പിന്നാലെയായിരുന്നു ജഡ്ജിയുടെ ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15000 രൂപ നല്‍കിയതിന്റെ രേഖ ഹാജരാക്കിയാല്‍ മാത്രമേ നടപടിക്രമങ്ങള്‍ അവസാനിപ്പിക്കൂവെന്നും കോടതി വ്യക്തമാക്കി.