ന്യൂഡല്‍ഹി: ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെയും രാജസ്ഥാനിലെയും വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും സച്ചിന് പൈലറ്റും നല്കിയ ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീംകോടതി. ഹര്‍ജികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടിതേടിയ സുപ്രീംകോടതി കേസ് ഓഗസ്റ്റ് 31-ലേക്ക് മാറ്റി.
മധ്യപ്രദേശിലെ വോട്ടര്‍പട്ടികയില്‍ 61 ലക്ഷം പേരും രാജസ്ഥാനില്‍ 41 ലക്ഷം പേരും വ്യാജമാണെന്ന് ഹര്‍ജികളില്‍ ആരോപിച്ചു. വോട്ടര്‍പട്ടികയിലെ ക്രമക്കേട് തിരുത്തണമെന്ന് മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്വി, വിവേക് തന്‍ക, ആല്‍ജോ ജോസഫ് എന്നിവര്‍ വാദിച്ചു. മധ്യപ്രദേശിലെ വോട്ടര്‍പട്ടിക ഇമേജ് രൂപത്തില്‍ പ്രസിദ്ധീകരിച്ചതിനാല്‍ പരിശോധന എളുപ്പമല്ല. അതിനാല്‍ ടെക്സ്റ്റ് രൂപത്തില്‍ നല്‍കണം.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കണ്ട്രോള് യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവി പാറ്റ് എന്നിവയില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. വോട്ടര്‍മാര്‍ക്ക് വിവി പാറ്റ് സ്ലിപ് കാണിക്കുന്നത് ഏഴ് സെക്കന്‍ഡില്‍നിന്ന് 15 സെക്കന്‍ഡാക്കി ഉയര്‍ത്തണം. അല്ലാത്തപക്ഷം, സാങ്കേതികമായി അറിവുകുറഞ്ഞ ഭൂരിപക്ഷംവരുന്ന വോട്ടര്‍മാര്‍ക്ക് അത് കാണാന്‍ സാധിക്കില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.