മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളം നല്കിയ സത്യവാങ്മൂലം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് പരമാവധിയായ 142 അടിയില്‍ എത്തുന്നതിനു മുന്‍പ് ഘട്ടംഘട്ടമായി വെള്ളം തുറന്ന് വിടാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും തമിഴ്നാട് മുഖവിലക്കെടുത്തില്ലെന്നും ജലനിരപ്പ് 142 അടിയില്‍ എത്തിയതോടെ 13 ഷട്ടറുകള്‍ ഒന്നിച്ചു തുറന്നതും പ്രളയത്തിന് കാരണമായി എന്നാണ് സത്യവാങ്മൂലത്തില്‍ കേരളത്തിന്റെ വിമര്‍ശം.
ഇതിനു തമിഴ്നാട് ഇന്ന് മറുപടി നല്‍കിയേക്കും. ഡാമിന്റെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് പ്രത്യേക സമിതി വേണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി പരിഗണിക്കും. ജലനിരപ്പ് 139 അടിയായി നിലനിര്‍ത്താനുള്ള തീരുമാനം മേല്‍നോട്ടസമിതി കോടതിയെ അറിയിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.