കൊല്‍ക്കത്ത: തൃണമുല്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലാണ് സംഭവം. പാര്‍ട്ടി ഓഫീസില്‍ ഒരു മീറ്റിംഗ് നടക്കാനിരിക്കെ മിനിറ്റുകള്‍ക്ക് മുന്‍പാണ് സ്ഫോടനം നടന്നത്. ദേശീയ പാത 60ന് സമീപത്തുള്ള ഓഫീസില്‍ രാവിലെ 8.45ഓടെയാണ് സ്ഫോടനമുണ്ടായത്.
സുദീപ്തോ ഘോഷ് (40) ആണ് മരിച്ചത്. പരുക്കേറ്റവരെ മിഡ്നാപൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി ഓഫീസിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന ക്രൂഡ് ബോംബുകള്‍ പൊട്ടിയാണ് സ്ഫോടനം നടന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് തൃണമുല്‍ കോണ്‍ഗ്രസ് വ്യാപകമായി സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചിരിക്കുകയാണെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം. അതേസമയം പാര്‍ട്ടി ഓഫീസിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് തൃണമുല്‍ കോണ്‍ഗ്രസ് വെസ്റ്റ് മിഡ്നാപൂര്‍ ജില്ലാ പ്രസിഡന്റ് അജിത് മൈതി പറഞ്ഞു. തങ്ങളെ കരിവാരിത്തേക്കാന്‍ പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണെന്നും അജിത് ആരോപിച്ചു.