ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുമായുള്ള സര്‍വ്വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കാത്തതിന്റെ അതൃപ്തി അറിയിച്ചതിനു പിന്നാലെ മറുപടി നല്കി കണ്ണന്താനം രംഗത്ത്. സംസ്ഥാനത്തെ നേതാക്കളുമായി സൗഹാര്‍ദപരമായ ബന്ധമാണ് വെച്ചുപുലര്‍ത്തുന്നത്. എന്നിട്ടും തന്നെ ആരും വിളിച്ചില്ലെന്ന് കണ്ണന്താനം പറയുന്നു. എന്നാല്‍ തന്നെ ഒപ്പം കൂട്ടാത്തതില്‍ ഖേദമില്ലെന്ന് അല്‍ഫോന്‍സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ ഏതു വിഷയവും ആരും പറയാതെയാണ് ഇതുവരെ ഏറ്റെടുത്തിരുന്നത്.
അതിനാല്‍ തന്നെ വിളിക്കാത്തതില്‍ പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊക്കെ മതിയെന്നു കേരള സര്‍ക്കാര്‍ തീരുമാനിച്ചതായിരിക്കും. കേരളത്തിന്റെ എല്ലാ കാര്യങ്ങള്‍ക്കും പ്രധാനമന്ത്രി തന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. എന്നിട്ടും സര്‍വകക്ഷി സംഘത്തോടൊപ്പം എന്തു കൊണ്ട് അല്‍ഫോന്‍സ് വന്നില്ല എന്നായിരുന്നു മോഡി ചോദിച്ചിരുന്നത്. കേരളവുമായും അവിടത്തെ നേതാക്കളുമായും ഏറെ സൗഹാര്‍ദപരമായ ബന്ധമാണുള്ളത്. കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയെന്ന നിലയില്‍ വിളിക്കാത്തതില്‍ ഖേദമില്ല.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരം നീക്കങ്ങള്‍ നല്ലതാണോ ചീത്തയാണോ എന്നും പറയുന്നില്ല. ഇക്കാര്യത്തില്‍ ജനങ്ങള്‍ മറുപടി പറയട്ടെയെന്നും അല്‍ഫോന്‍സ് പറഞ്ഞു. കേരളത്തിലെ മഴക്കെടുതിയുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ശനിയാഴ്ച സംസ്ഥാനം സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യം പ്രധാനമന്ത്രിയോടു പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ നിന്ന് എട്ടു മന്ത്രിമാര്‍ നേരത്തേയുണ്ടായിട്ടും ഒന്നും നടന്നില്ലെന്നായിരുന്നു മറുപടി. അതു ശരിയല്ലേ? പക്ഷേ പദ്ധതി എങ്ങനെയെങ്കിലും ആരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി.