കൊച്ചു കുട്ടികള്‍ക്ക് വിമാനം എന്നും ഒരു കൗതുകമാണ്. ആകാശത്തിലൂടെ പോകുമ്പോള്‍ അതിലൊന്നു കയറണമെന്നും തൊടണമെന്നുമെല്ലാം ആഗ്രഹമുണ്ടാവും. വിമാനത്തോടുള്ള ഇഷ്ടം കൊണ്ട് വീടുവിട്ടിറങ്ങിയ ഒരു നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.
നോര്‍ത്ത് 24 പര്‍ഗാനാസിലെ അശോക് നഗറില്‍ താമസിക്കുന്ന ബാലനാണ് വിമാനം കാണാന്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വിമാനത്താവളത്തില്‍ പോകാനും വിമാനത്തില്‍ ഒന്നു യാത്ര ചെയ്യാനുമുള്ള അതിയായ ആഗ്രഹം പിതാവിനോട് പല തവണ പറഞ്ഞെങ്കിലും അത് സാധിക്കാതെ വന്നതോടെയാണ് തന്റെ സ്വപ്നത്തിലേയ്ക്ക് എത്താന്‍ അവന് തനിയെ വീടുവിട്ടിറങ്ങിയത്.
വീട്ടില്‍ നിന്നിറങ്ങിയ ബാലന് ഒരു ട്രെയിനില്‍ കയറി 25 കിലോമീറ്റര്‍ അകലെയുള്ള ദം ഡം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തി, അവിടെ നിന്ന് 10 കിലോമീറ്ററിലധികം നടന്ന് വിമാനത്താവളത്തിനടുത്തുള്ള റോഡിലെത്തി, അവിടെ കാറുകള്‍ക്കും ടാക്സികള്‍ക്കും ലിഫ്റ്റിനായി കൈകാണിക്കുന്ന കുട്ടിയെ കണ്ട ഒരു ടാക്സി ഡ്രൈവര്‍ അവനോട് കാര്യങ്ങള്‍ തിരക്കിയറിഞ്ഞു.
വീട്ടില്‍ നിന്നും ഓടിപ്പോന്നതാണെന്ന് മനസ്സിലാക്കിയ ആയാള്‍ അവനെ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. വിവരങ്ങളറിഞ്ഞ പൊലീസ് അവന്റെ മാതാപിതാക്കളുമായി ബന്ധപ്പെടുകയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു . മാതാപിതാക്കളോടൊപ്പം വരുമ്പോള്‍ വിമാനം കാണിച്ചുതരാമെന്ന് വാഗ്ദാനം ചെയ്താണ് അവനെ പൊലീസ് തിരിച്ചയച്ചത്.
അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ അശോക്നഗറില്‍ ചെറിയ കട നടത്തുകയാണ് കുട്ടിയുടെ പിതാവ് അസദുല്‍ മൊല്ല. ‘അവന് വിമാനമെന്നാല്‍ ഭ്രാന്താണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്കൂളുകള്‍ അടച്ചതോടെ വിമാനത്തെ അടുത്തറിയാനുള്ള ആഗ്രഹം കൂടുവരികയാണ്. ഞാന്‍ ഒരു വിമാനവും കണ്ടിട്ടില്ല, അവനെ എങ്ങനെ സവാരിക്ക് കൊണ്ടുപോകും?’ അസദുല്‍ മൊല്ല പറഞ്ഞു.