വിവാഹ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ച് വനിതാ പുരോഹിത. പശ്ചിമ ബംഗാളിലാണ് സംഭവം. നാളിതുവരെയുണ്ടായിരുന്ന ആചാരങ്ങള്‍ക്കാണ് ഇതോടെ മാറ്റങ്ങളുണ്ടായിരിക്കുന്നത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ചന്ദ്പാരയിലെ ഒരു വൈദിക കുടുംബത്തിലാണ് വിവാഹം.
ദമ്പതികള്‍ ‘സാത് ഫെരെ’ ചൊല്ലുമ്പോഴും ഹിന്ദു വിവാഹ പ്രകാരമുള്ള മറ്റെല്ലാ ആചാരങ്ങളും ചെയ്യുമ്പോഴും പുരോഹിതയാണ് വേദമന്ത്രങ്ങള്‍ ജപിക്കുന്നത്. വധുവും വരനും തങ്ങളുടെ വിവാഹത്തിന് സാക്ഷിയായി അഗ്നിയെ പ്രദിക്ഷണം നടത്തുമ്പോള്‍ അവര്‍ ഒരുമിച്ച് എടുക്കുന്ന ഏഴ് പ്രതിജ്ഞകളാണ് സാത് ഫെരെ.
പരമ്പരാഗത സാമൂഹിക നിയമങ്ങള്‍ പാലിക്കാതെയുള്ള ചാന്ദ്പാര മേഖലയില്‍ നടന്ന ഈ വിവാഹം ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുകയാണ്. ആ വിവാഹത്തില്‍ മറ്റൊരു ആചാരവും അവര്‍ തകര്‍ത്തിരുന്നു.
പെണ്‍കുട്ടികള്‍ കൈമാറ്റം ചെയ്യുന്ന ഒരു ചരക്കല്ലെന്ന് മനസ്സില്‍ വച്ചുകൊണ്ട്, വിവാഹ കര്‍മ്മത്തില്‍ നിന്ന് ‘കന്യാദാനം’ എന്ന ചടങ്ങും കുടുംബം ഒഴിവാക്കി. ഈ ബംഗാളി കുടുംബം വര്‍ഷങ്ങളായി നിലനിന്നിരുന്ന നിയമങ്ങള്‍ ലംഘിച്ച് സമൂഹത്തിന് പുതിയ സന്ദേശം നല്‍കിയിരിക്കുകയാണ്.