ഭര്‍തൃവീട്ടിലെ പീഡനം മൂലം ജീവനൊടുക്കിയ ഒരുപാട് യുവതികളുടെ വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ മകന്റെ മരണശേഷം മരുമകളെ സ്വന്തം മകളെ പോലെ നോക്കി വിദ്യാഭ്യാസം നല്കി മറ്റൊരു വിവാഹം കഴിപ്പിച്ചയച്ച ഒരു അമ്മായിയമ്മയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
രാജസ്ഥാനിലാണ് സംഭവം. 2016 മേയിലായിരുന്നു സുനിതയുടെയും ശുഭത്തിന്റെയും വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് ആറുമാസത്തിനപ്പുറം സുനിതയ്ക്ക് ഭര്‍ത്താവ് ശുഭത്തിനെ നഷ്ടമാവുകയായിരുന്നു. കിര്‍ഗിസ്ഥാനില്‍ എംബിബിഎസ് പഠനത്തിനായി പോയ ശുഭം വിവാഹം കഴിഞ്ഞ് ആറുമാസത്തിനപ്പുറം മരണപ്പെടുകയായിരുന്നു.
also read: കേരളത്തില്‍ ഇന്ന് 51,739 പേര്‍ക്ക് കോവിഡ്, 42,653 പേര്‍ക്ക് രോഗമുക്തി
മസ്തിഷ്കാഘാതം സംഭവിച്ചാണ് ശുഭം മരിച്ചത്. എന്നാല്‍ മകന് മരിച്ചതോടെ മരുമകളെ വിട്ടുകളയുന്നതിന് പകരം കൂടുതല്‍ ചേര്‍ത്തുപിടിക്കുകയാണ് കമലാ ദേവി എന്ന സുനിതയുടെ ഭര്‍തൃമാതാവ് ചെയ്തത്. സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയായ കമലാ ദേവി മരുമകള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം നല്‍കാനായി മുന്നിട്ടിറങ്ങുകയായിരുന്നു.
സുനിതയെക്കൊണ്ട് പി.ജിയും ബി.എഡും ചെയ്യിക്കാന്‍ സര്‍വ പിന്തുണയുമായി കമല കൂടെ നിന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതോടെ സുനിതയ്ക്ക് അധ്യാപികയായി ജോലി ലഭിക്കുകയും ചെയ്തു. മകന് മരിച്ചിട്ടും തനിക്കൊപ്പം നിന്ന സുനിതയെ അഞ്ചുവര്‍ഷവും കമലാദേവി മകളെപ്പോലെ കൂടെനിര്‍ത്തി സ്നേഹിച്ചു. ഒടുവില്‍ അവള്‍ക്ക് ജീവിതത്തില്‍ ഒരു കൂട്ടുവേണമെന്ന തീരുമാനത്തിനും കമലാദേവി മുന്നിട്ടിറങ്ങി. ഭോപ്പാലില്‍ ഓഡിറ്ററായ മുകേഷാണ് സുനിതയുടെ വരന്.
ആഡംബരമായാണ് കമലാദേവി മരുമകളുടെ വിവാഹവും നടത്തിയത്. മാത്രമല്ല സ്ത്രീധനത്തോട് കടുത്ത എതിര്‍പ്പുള്ള കമലാദേവി തന്റെ മകന് സുനിതയെ വിവാഹം കഴിച്ചപ്പോഴും സ്ത്രീധനം നിഷേധിച്ചിരുന്നു. ഇപ്പോള്‍ സുനിതയെ വീണ്ടും വിവാഹം കഴിപ്പിച്ചപ്പോഴും സ്ത്രീധനം നല്‍കിയിട്ടില്ല.