ഹൈദരാബാദ്: ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി ഭാര്യ പോലീസ് സ്റ്റേഷനില്‍. ആന്ധ്രാപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം. 53കാരനായ ഭശ്യാം രവിചന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ വസുന്ധരയെ (50) പോലീസ് അറസ്റ്റ് ചെയ്തു.
ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നു പൊലീസ് അറിയിച്ചു. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കുടുംബവീട്ടില്‍നിന്നാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്.
also read: മൂന്നാംദിവസവും വര്‍ധന; സ്വര്‍ണ്ണവില കുതിച്ചുയരുന്നു, ഇന്നത്തെ വില അറിയാം
ദമ്പതികള്‍ 20 വയസ്സുള്ള മകനോടൊപ്പം റെനിഗുണ്ട ടൗണിലെ പോലീസ് ലൈന്‍സ് സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. മകന് മാനസികാസ്വാസ്ഥ്യമുണ്ട്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത് ഒരു വര്‍ഷമായി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച ദമ്പതികള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായെന്നും പരസ്പരം ആക്രോശിക്കുന്നത് കേട്ടതായും സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. ”മാതാപിതാക്കള്‍ വഴക്കിടുമ്പോള്‍ മകന് വീട്ടിലുണ്ടായിരുന്നില്ല. ദേഷ്യത്തില്‍ വസുന്ധര മൂര്‍ച്ചയുള്ള കത്തി എടുത്ത് ആവര്‍ത്തിച്ച് കുത്തുകയും പിന്നീട് തലവെട്ടുകയും ചെയ്തു, ”പോലീസ് പറഞ്ഞു.