കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിച്ചതിന് മുന്‍ മ്യാന്മര് ഭരണാധികാരി ആങ് സാന്‍ സ്യൂചിക്ക് ജയില്‍ ശിക്ഷ. നാല് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. വീട്ടു തടങ്കലിലായതു മുതല്‍ ഇവരെപറ്റിയുള്ള വിവരങ്ങള്‍ മ്യാന്മറില് നിന്നും അപൂര്‍വമായേ പുറത്തു വരാറുണ്ടായിരുന്നുള്ളൂ.
ജയില്‍ ശിക്ഷ വിധിച്ചത് കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിച്ചതിനും ഇതിന് ജനങ്ങളെ പ്രേരിപ്പിച്ചതിനുമാണ്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണ് സ്യൂചിക്കെതിരായ കുറ്റം. സ്യൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്.
എന്നാല്‍ ഇതംഗീകരിക്കാഞ്ഞ സൈന്യം ഭരണ അട്ടിമറി നടത്തുകയായിരുന്നു. ഫെബ്രുവരിയില്‍ മ്യാന്മര് സൈന്യം ഭരണ അട്ടിമറി നടത്തിയതു മുതല്‍ വീട്ടു തടങ്കലില്‍ കഴിയുകയായിരുന്നു ആങ് സാന്‍ സ്യൂചി. എപ്പോഴാണ് ഇവരെ ജയിലിലേക്ക് മാറ്റുക എന്ന് വ്യക്തമല്ല.
സ്യൂചിയുടെ സഹപ്രതിയും മുന്‍ മ്യാന്മര് പ്രസിഡന്റുമായ വിന് മെന്റിനെയും ഇതേ വകുപ്പുകള്‍ ചുമത്തി നാല് വര്‍ഷം തടവിന് ശിക്ഷിച്ചു. അഴിമതിയുള്‍പ്പെടെ നിരവധി വകുപ്പുകളാണ് സ്യൂചിക്കെതിരെ മ്യാന്മര് സൈന്യം ചുമത്തിയത്. ഈ കേസുകളില്‍ കൂടി കോടതി ശിക്ഷ വിധിച്ചാല്‍ സ്യൂചിയുടെ തടവ് കാലം വര്‍ഷങ്ങളോളം തുടര്‍ന്നേക്കുമെന്നാണ് സൂചന.