ബംഗളൂരു: മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ ഒമ്പതുവയസ്സുകാരനെ കൊല്ലപ്പെട്ട നിലയില്‍. മൈസുരുവിലെ പച്ചക്കറി വ്യാപാരിയും ഹനഗൊഡു സ്വദേശിയുമായ നാഗരാജിന്റെ മകന് കാര്‍ത്തിക്കാണ് (9) കൊല്ലപ്പെട്ടത്. നവംബര്‍ മൂന്നിനാണ് കുട്ടിയെ കാണാതായത്.
സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നാലുപേര്‍ ഒളിവിലാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കാണാതായ കുട്ടിയുടെ മൃതദേഹം വ്യാഴാഴ്ച മൈസൂരുവിലെ ഹനഗൊഡു ഗ്രാമത്തില്‍ കണ്ടെത്തുകയായിരുന്നു. ദീപാവലി ആഘോഷത്തിനായി പടക്കം വാങ്ങുന്നതിനായി പുറത്തുപോയ കാര്‍ത്തിക്ക് പിന്നീട് തിരിച്ചെത്തിയില്ല.
വൈകാതെ തട്ടിക്കൊണ്ടുപോയ സംഘത്തിലൊരാള്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് നാഗരാജിനെ ഫോണില്‍ വിളിച്ചു. കുട്ടിയെ വിട്ടുതരുന്നതിനായി നാലു ലക്ഷം രൂപ ഹുന്സൂരിലെത്തിച്ച് തരണമെന്നായിരുന്നു ഭീഷണി. ഇല്ലെങ്കില്‍ മകന്റെ കഴുത്തറത്ത് കൊല്ലുമെന്നും ഫോണിലൂടെയുള്ള ഭീഷണിപ്പെടുത്തിയിരുന്നെന്ന് നാഗരാജ് പറയുന്നു.
തട്ടിക്കൊണ്ടുപോയ സംഘം പോലീസിനെ വിവരം അറിയിക്കരുതെന്നും പറഞ്ഞിരുന്നെങ്കിലും ഫോണ്‍ കോള്‍ വന്ന ഉടന്‍ തന്നെ നാഗരാജ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് അന്വേഷണത്തിനൊടുവില്‍ പ്രതികളിലൊരാളെ പോലീസ് പിടികൂടി.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം ഗ്രാമത്തില്‍ തന്നെ ഉപേക്ഷിച്ചെന്നും പ്രതി മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പണം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തശേഷം പോലീസ് പിടികൂടുമെന്നു ഭയപ്പെട്ട് കുട്ടിയെ കൊലപ്പെടുത്തി സംഘം ഒളിവില്‍ പോവുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.