ആഡംബര ജീവിതത്തിനായി മാലപൊട്ടിക്കുന്നത് പതിവാക്കിയ സിവില്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് സംഭവം. നാസിക്ക് സ്വദേശിയായ ഉമേഷ് പാട്ടീലിനെ(27) ആണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായിയായിരുന്ന തുഷാര്‍ ദിഖ്ലെ(30)നേയും മാല വില്ക്കാന് സഹായിച്ചിരുന്ന നാല് ആഭരണ വ്യാപാരികളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉമേഷ് നിരവധി മാല മോഷണക്കേസുകളിലെ പ്രതിയാണ്. ആഡംബര ജീവിതത്തിനായി 2019 മുതലാണ് ഉമേഷ് മാല പൊട്ടിക്കല്‍ പതിവാക്കിയത്. ഇതിനോടകം 56 കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2015ലാണ് ഉമേഷ് എന്‍ജിനീയറിങ് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയത്.
അതിന് ശേഷം ഒരു കരാറുകാരന് കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇവിടെ നിന്നുളള ശമ്പളം കുറവായതിനാലാണ് മോഷണത്തിനിറങ്ങിയതെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ കാമുകിയ്ക്കൊപ്പം അടിച്ചു പൊളിക്കാനും ആഡംബര ജീവിതത്തിനുമായാണ് എന്‍ജിനീയറായ പ്രതി മാല പൊട്ടിക്കല്‍ പതിവാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
ഇയാള്‍ക്ക് എതിരെയുളള 56 കേസുകളില്‍ 26 എണ്ണവും സഹായിയായ തുഷാറിനൊപ്പമായിരുന്നു നടത്തിയത്. പിന്നീട് ഇവര്‍ തെറ്റി പിരിയുകയായിരുന്നു. പ്രദേശത്ത് മാല പൊട്ടിക്കല്‍ വ്യാപകമായതോടെ ആണ് ഗംഗാപൂര്‍ പൊലീസ് അന്വേഷണം ശക്തമാക്കിയത്. തുടര്‍ന്ന് ചില ഇടങ്ങളില്‍ പട്രോളിങ് വ്യാപിപ്പിച്ചിരുന്നു. ഉമേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 27 സ്വര്‍ണ മാലകളും രണ്ടര ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.