ചെന്നൈ: തമിഴ്നാട്ടില്‍ ജാതിയുടെ പേരില്‍ ക്ഷേത്രത്തില്‍ നിന്നു പുറത്താക്കപ്പെട്ട യുവതിക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബു. മാമല്ലപുരത്തെ ഒരു ക്ഷേത്രത്തില്‍ നിന്നു ഭക്ഷണം നിഷേധിച്ച് ഇറക്കി വിട്ട അശ്വിനിക്കൊപ്പമിരുന്നാണ് അതേ ക്ഷേത്രത്തിലെ അന്നദാനത്തില്‍ മന്ത്രി പങ്കെടുത്തത്.
നരിക്കുറവ വിഭാഗത്തില്‍പെട്ട അശ്വിനിയെ ക്ഷേത്രത്തില്‍ നിന്നും ഇറക്കിവിട്ടതിന് പിന്നാലെ തനിക്കും തന്റെ സമുദായത്തില്‍പെട്ട മറ്റുള്ളവര്‍ക്കും ഭക്ഷണം നിരസിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയര്‍ത്തി അശ്വിനി വീഡിയോ പങ്കുവെച്ചിരുന്നു. അശ്വിനി കഴിഞ്ഞ ദിവസം ഭക്ഷണത്തിനായി ക്യൂവില്‍ കാത്തു നിന്നെങ്കിലും രണ്ടാം പന്തിയിലാണു ഇരിക്കാന്‍ കഴിഞ്ഞത്.
എന്നാല്‍, ക്ഷേത്രത്തില്‍ നിന്നുള്ള ഒരാള്‍ വന്നു പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. ഭക്ഷണം ബാക്കിയുണ്ടെങ്കില്‍ അതു ക്ഷേത്രത്തിനു പുറത്ത് തരാമെന്നും പറഞ്ഞതായി അശ്വിനി വിഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കുള്ള ക്ഷേത്രങ്ങള്‍ വഴി നല്കുന്ന സൗജന്യ അന്നദാനം പദ്ധതിയില്‍ നിന്നാണ് അശ്വിനിക്ക് ഇറങ്ങിപോകേണ്ടി വന്നത്.
വീഡിയോ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായി. തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഇടപെടല്‍. ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രത്തില്‍ നടന്ന പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ട മന്ത്രി പി.കെ.ശേഖര്‍ ബാബു അതേ ക്ഷേത്രത്തിലെത്തി അശ്വിനിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ദേവസ്വം കമ്മിഷണറും അശ്വിനിക്കൊപ്പമിരുന്നു.