കോയമ്പത്തൂര്‍: യുവതിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കോയമ്പത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ റഹ്മാനെയാണ് പൊലീസ് പിടികൂടിയത്. വഴി ചോദിക്കാനെന്ന വ്യാജേന എത്തിയാണ് ഇയാള്‍ യുവതിയുടെ മാലപൊട്ടിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുനിയമത്തൂര് കെജികെ റോഡില്‍ പലചരക്കുകട നടത്തുന്ന ധനലക്ഷ്മിയുടെ മാലയാണ് കവര്‍ന്നത്. വഴി ചോദിക്കാനെന്ന വ്യാജേന ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം കടയിലേക്ക് കയറി ധനലക്ഷ്മിയുടെ അഞ്ചര പവന് തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഭര്‍ത്താവും സുഹൃത്തുക്കളും ധനലക്ഷ്മിയുടെ കരച്ചില് കേട്ട് എത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഫൈസല്‍ റഹ്മാനാണ് മാലപൊട്ടിച്ചത്. പ്രദേശത്തെ 17കാരനാണ് മറ്റൊരു പ്രതി. കുനിയമത്തൂരും പരിസരങ്ങളിലുമായി നടന്ന അഞ്ചോളം മാലപൊട്ടിക്കല്‍ കേസില്‍ ഫൈസല്‍ റഹ്മാന് പങ്കുള്ളതായി പൊലീസ് പറഞ്ഞു.