ചെന്നൈ: തമിഴ്നാട്ടില്‍ കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു. ശിക്തികണ്ണന്‍ (43), ഭാര്യ ശുഭ എന്നിവരാണ് മരണപ്പെട്ടത്. മധുര ആനയൂര് എസ്.വി.പി നഗറിലാണ് സംഭവം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്കരിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലെ തകരാറായ എസിയില്‍ നിന്ന് പുക ഉയരുന്നതുകണ്ട് ദമ്പതിമാര്‍ മുറിയ്ക്ക് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ എസി പൊട്ടിത്തെറിക്കുകയായിരുന്നു. അഗ്നിശമനസേനയെത്തി തീയണച്ചതിനുശേഷം ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.
ശക്തികണ്ണന്‍, ഭാര്യ ശുഭ. മക്കളായ കാവ്യ കാര്ത്തികേയന് എന്നിവര്‍ ഒന്നിച്ചാണ് വെള്ളിയാഴ്ച രാത്രി വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ കിടന്നത്. എന്നാല്‍ മുറിയില്‍ തണുപ്പ് കൂടുതലാണ് എന്ന് പറഞ്ഞ് മക്കള്‍ താഴത്തെ നിലയിലേക്ക് മാറുകയായിരുന്നു.
രാത്രിയില്‍ മുറിയില്‍ പുക ഉയരുന്നത് കണ്ട സമീപവാസികളാണ് മക്കളെ വിവരം അറിയിച്ചത്. മക്കള്‍ ഓടിയെത്തുമ്പോഴേക്കും മുറിയില്‍ തീപടര്‍ന്നിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും എന്നാണ് ആനയൂര് പൊലീസ് പറയുന്നത്.