മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനില്‍ കവര്‍ച്ചാസംഘത്തിന്റെ വിളയാട്ടം. യാത്രക്കാരെ കൊള്ളയടിച്ചടിച്ചും സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടെ ചെറുക്കാന്‍ ശ്രമം നടത്തിയ യാത്രക്കാരെ വെട്ടിവീഴ്ത്തി. ആക്രമണത്തില്‍ ആറുപേര്‍ക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി ലഖ്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലാണ് നടുക്കിയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. മഹാരാഷ്ട്രയിലെ ഇഗത്പുരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കവര്‍ച്ചാസംഘം ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളിലൊന്നില്‍ കയറിയത്. ആയുധങ്ങളുമായി എട്ടു പേരാണ് ഇടിച്ചു കയറിയത്. ട്രെയിന്‍ യാത്ര തുടരുന്നതിനിടെ ഇവര്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ തുടങ്ങി. ഓരോ യാത്രക്കാരില്‍നിന്നും പണവും സ്വര്‍ണവും കവര്‍ന്നു.
ചെറുത്തുനില്‍പ്പിന് ശ്രമിച്ചവരെ വെട്ടിവീഴ്ത്തി. ഇതിനിടെ, കോച്ചിലുണ്ടായിരുന്ന ഒരു സ്ത്രീയെ കവര്‍ച്ചാസംഘം കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. ട്രെയിന്‍ കസാറ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെയാണ് കൊള്ളയും ബലാത്സംഗവും പുറത്തറിയുന്നത്. കോച്ചിലെ യാത്രക്കാര്‍ ഉറക്കെ ബഹളംവെച്ചതോടെയാണ് റെയില്‍വേ പോലീസ് കോച്ചിലേയ്ക്ക് ഓടിയെത്തിയത്.
തുടര്‍ന്ന് രണ്ട് പ്രതികളെ ഉടന്‍തന്നെ പിടികൂടി. ട്രെയിനില്‍ നടത്തിയ തെരച്ചില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. സംഭവത്തില്‍ ഉള്‍പ്പെട്ട ബാക്കി നാലുപേരെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണ്. പിടിയിലായ പ്രതികളില്‍നിന്ന് 34000 രൂപയുടെ മോഷണമുതല്‍ കണ്ടെടുത്തിട്ടുണ്ട്. കവര്‍ച്ചാക്കേസിന് പുറമേ ബലാത്സംഗക്കേസും ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.